ഒറ്റയാൻ: പള്ളിവാസലിൽ ഭീതിയുടെ ദിനങ്ങൾ
text_fieldsപുനലൂർ: അച്ചൻകോവിൽ പള്ളിവാസലിലെ കുടുംബങ്ങൾ ഭീതിയോടെയാണ് ഓരോ ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്. അച്ചൻകോവിലാർ കടന്നെത്തുന്ന ആനകളാണ് പ്രധാന ഭീഷണി. ഇപ്പോൾ മേഖലയിൽ ഒറ്റയാൻ ഇറങ്ങിയിട്ടുണ്ട്. അച്ചൻകോവിൽ-ചെങ്കോട്ട പാതയുടെ വശത്ത് വന നടുവിലാണ് കൈവശ ഭൂമിയിൽ പള്ളിവാസലിലെ ഒമ്പത് കുടുംബങ്ങൾ കഴിയുന്നത്. വർഷങ്ങളുടെ അധ്വാനഫലമായി നട്ടുവളർത്തി കായ്ഫലമെത്തിയ തെങ്ങ് ഉൾപ്പടെ കൃഷികൾ ഒറ്റയാനെത്തി നശിപ്പിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. മറ്റ് ചെറു കൃഷികൾ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.
ഇവിടെ ആന ഉൾപ്പെടെ വന്യമൃഗങ്ങൾ എത്തുന്നത് തടയാൻ വനംവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചിട്ടില്ല. അടുത്തകാലത്താണ് ആനയുടെ ശല്യം വർധിച്ചതെന്ന് നാട്ടുകാർ പറയുന്നു. മുമ്പൊക്കെ രാത്രിയിൽ കാവലിരുന്ന് കൃഷിയിടത്തിൽനിന്ന് ആനയേയും മറ്റ് മൃഗങ്ങളേയും വിരട്ടിയോടിക്കുമെങ്കിലും ഇപ്പോൾ ജീവഭയത്താൽ ആരും പുറത്തിറങ്ങാളില്ല. ഇതോടെ വിളകളെല്ലാം കാട്ടുമൃഗങ്ങൾ നശിപ്പിക്കുകയാണ്. പുരയിടങ്ങളിലെ ഒട്ടുമിക്ക തെങ്ങുകളും കവുങ്ങുകളും മറ്റ് കൃഷികളും ആന ഇതിനകം നശിപ്പിച്ചു. വനംവകുപ്പിൽ പരാതി നൽകിയിട്ടും രക്ഷയില്ല. അച്ചൻകോവിൽ ജങ്ഷനിലടക്കം വന്യമൃഗശല്യം രൂക്ഷമാണ്. പകൽപോലും ജങ്ഷനിലും മറ്റും പന്നിക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിക്കുകയും ആളുകളേയും വളർത്തുമൃഗങ്ങളേയും ആക്രമിക്കുന്നതും പതിവാണ്.
ലക്ഷം വീട് കോളനിയിലും ആളുകൾ ആനയുടെയും പുലിയുടെയും ആക്രമണ ഭീതിയിലാണ് കഴിയുന്നത്. പള്ളിവാസലിലെ ഉൾപ്പെടെ കുടുംബങ്ങൾ നേരിടുന്ന വന്യമൃഗശല്യം അച്ചൻകോവിലിലെ പഞ്ചായത്തംഗം സാനുധർമ്മരാജ് വനം ഡിവിഷൻ ഓഫിസിലടക്കം അറിയിച്ചിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞദിവസം അച്ചൻകോവിലിലെത്തിയ വനം സി.സി.എഫിന്റെ ശ്രദ്ധയിലും സംഭവം അവതരിപ്പിച്ചു. ഒരു കോടി രൂപ അനുവദിച്ചെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും എന്ന് പ്രായോഗികമാകുമെന്ന് വ്യക്തമല്ല. പള്ളിവാസൽ, അച്ചൻകോവിൽ, ട്രൈബൽ കോളനി ഉൾപ്പെടെ ഭാഗങ്ങളിലെ വന്യമൃഗശ്യം ഒഴിവാക്കാൻ ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.