ഇടപ്പാളയത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
text_fieldsപുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം പള്ളിമുക്ക് ഭാഗത്ത് കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചു. പകൽപോലും കൃഷിയിടങ്ങളിൽ ആനയുടെ സാന്നിധ്യം ജനത്തെ ഭീതിയിലാഴ്ത്തുന്നു. പള്ളിമുക്കിൽ റെയിൽവേ ലൈനിന് അടിഭാഗത്തുള്ള ജനവാസ മേഖലയിലാണ് ഒരാഴ്ചയായി ആനയിറങ്ങി നാശം വരുത്തുന്നത്. പറമ്പുകളിലെ തെങ്ങ്, വാഴ, കുരുമുളക് തുടങ്ങിയ മുഴുവൻ കൃഷികളും നശിപ്പിക്കുന്നു.
പറമ്പുകൾക്ക് ചുറ്റുമുള്ള വേലി തകർത്താണ് ആന കൃഷിയിടത്തിലെത്തുന്നത്. റെയിൽവേ ലൈനിന് മുകൾ ഭാഗത്തുള്ള പഞ്ചായത്ത് വഴിയിലൂടെയാണ് ആന പതിവായി നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് ഇവിടുള്ളവർ പറയുന്നു. രാത്രിയിൽ വീടിന് അടുക്കൽവരെ എത്തുന്ന ആനയെ ആളുകൾ പടക്കംപൊട്ടിച്ചും മറ്റും വിരട്ടിയോടിക്കുമെങ്കിലും പ്രയോജനമില്ല. പിറ്റേന്നും രാത്രിയിൽ കൃത്യമായി ഈ ഭാഗത്തുതന്നെ ഇറങ്ങുകയാണ് പതിവ്. ആനയുടെ നാശം വർധിച്ചിട്ടും പരിഹാരമുണ്ടാക്കാൻ വനപാലകർ തയാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.