വന്യമൃഗശല്യം: തെങ്ങുകള്‍ മുറിച്ചുമാറ്റി തെന്മലക്കാര്‍
text_fieldsപുനലൂര്‍: രാപകല്‍ വ്യത്യാസമില്ലാതെ കുരങ്ങിന്റെയും മലയണ്ണാന്റെയും ശല്യം കാരണം ഏറെ ദുരിതത്തിലായ തെന്മല ഗ്രാമപഞ്ചായത്ത് നിവാസികള്‍ തെങ്ങുകൾ മുറിച്ചുകളയാന്‍ നിര്‍ബന്ധിതരാകുന്നു. കഴിഞ്ഞദിവസം തെന്മലയിൽ നിരവധി വീട്ടുകാര്‍ വീടിനോട് ചേർന്നുള്ള കായ്ഫലമുള്ള തെങ്ങുകള്‍ മുറിച്ചുമാറ്റി. മേഖലയിലെ അധികവീടുകള്ക്കും അസ്ബറ്റോസ് ഷീറ്റിന്റെ മേല്‍ക്കൂരയാണ്. കുരങ്ങുകൾ നാളികേരം അടർത്തിയെടുത്ത് ഷീറ്റുകൾക്കും വാട്ടര്‍ ടാങ്കുകള്‍ക്ക് മുകളിലേക്കും വലിച്ചെറിയുന്നതിനാൽ വീടുകള്‍ക്ക് ഏറെ നാശനഷ്ടം ഉണ്ടാകുന്നു.
പലപ്പോഴും പാകമാകുന്നതിനുമുമ്പുതന്നെ നാളികേരം പൂർണമായും കുരങ്ങുകൾ നശിപ്പിക്കും. ഇവയുടെ ശല്യത്തിൽനിന്ന് രക്ഷ നേടാൻ തെങ്ങിന്റെ മധ്യഭാഗത്തായി തകര ഷീറ്റുകൾ വെച്ചുകെട്ടിയിട്ടുണ്ട്. തെങ്ങുകയറ്റ തൊഴിലാളിക്ക് നൂറുരൂപയാണ് കൂലി. ഈ തകരഷീറ്റുകള്‍ നീക്കി തെങ്ങിൽ കയറണമെങ്കില്‍ 200 രൂപ നൽകേണ്ടി വരും. ഇതും എറെ നഷ്ടമാണ് നാട്ടുകാര്‍ക്ക് ഉണ്ടാക്കുന്നത്. ഇതിനെ തുടര്‍ന്നാണ് തെങ്ങുകള്‍ നീക്കം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നത്. ശല്യക്കാരായ വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ ശാശ്വത മാര്‍ഗമില്ലാത്ത അവസ്ഥയാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.