അലയമണിൽ 1.700 കിലോ കഞ്ചാവുമായി സ്ത്രീ പിടിയിൽ
text_fieldsപുനലൂർ: 1.700 കിലോ ഗ്രാം കഞ്ചാവുമായി സ്ത്രീയെ പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തു. അലയമൺ മടവൂർകോണം നിഷാ മൻസിലിൽ നൗഷാദിന്റെ ഭാര്യ ഷാഹിദയാണ് ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് പിടിയിലായത്. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് ഇവരെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽനിന്ന് 30,000 രൂപക്ക് വാങ്ങിയ കഞ്ചാവ് പുനലൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വിൽപനക്കായി ചെറുപൊതികൾ തയാറാക്കുന്നതിനിടെയാണ് പിടിയിലായത്. 10 ഗ്രാമിന്റെ പൊതികൾക്ക് 1000 രൂപ നിരക്കിലാണ് വിൽപന നടത്തി വന്നത്.
തുടർ നടപടികൾക്കായി പ്രതിയെ അഞ്ചൽ എക്സൈസ് റേഞ്ചിന് കൈമാറി. ഓപറേഷൻ നാർക്കോയുടെ ഭാഗമായി എക്സൈസ് വകുപ്പ് മദ്യം, മയക്കുമരുന്ന് ലഹരികൾക്കെതിരെ പരിശോധനകൾ ശക്തമാക്കിവരവെയാണ് ഇവർ പിടിയിലായത്.
ജില്ലയുടെ കിഴക്കൻ മേഖലകളിൽ ലഹരി കടത്തുന്നതിനായ് പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇവർ. സി.ഐ കെ. സുദേവൻ, പ്രിവൻറിവ് ഓഫിസർമാരായ എ. അൻസാർ, കെ.പി. ശ്രീകുമാർ, ബി. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിഷ് അർക്കജ്, ഹരിലാൽ, റോബി രാജ്മോഹൻ, രജീഷ് ലാൽ എന്നിവരുടെ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.