ഒറ്റയാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവിന് വീണ് ഗുരുതര പരിക്ക്
text_fieldsപുനലൂർ: ജനവാസ മേഖലയിൽ എത്തിയ ഒറ്റയാന്റെ ആക്രമണശ്രമത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്. ഒറ്റക്കൽ എൻ.എസ്.എസ്. കരയോഗ ജങ്ഷനിൽ ചെറുതോട്ടിൽ വീട്ടിൽ വർഗീസ് എന്ന ബിനു (45)വിനാണ് പരിക്കേറ്റത്.
വീഴ്ചയിൽ വാരിയെല്ലുകൾക്ക് ഉൾപ്പടെ ഗുരുതര ക്ഷതമേറ്റ വർഗീസിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടോടെ കരയോഗ ജങ്ഷനിൽ തിട്ടയിൽ മറ്റ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് റോഡിലൂടെ ഒറ്റയാൻ എത്തിയത്.
മോഹനൻനായർ എന്നയാളുടെ വീട്ടുമൂറ്റത്തുകൂടിയാണ് ആന റോഡിലിറങ്ങിയത്. ആനയെ കണ്ട് മൂന്നുപേരും പല ഭാഗങ്ങളിലേക്ക് ഓടി. ഇതിൽ റോഡിലൂടെ മൂന്നോട്ടോടിയ വർഗിസിന്റെ പിന്നാലെ എത്തിയ ആന നൂറു മീറ്ററോളം ദൂരം ഓടിച്ചു. വർഗീസ് റോഡിൽ നിന്ന് താഴ്ചയിലേക്ക് ചാടിയപ്പോൾ ആനയും ഒപ്പം ചാടി. എന്നാൽ വർഗീസ് വീണു കിടന്നതിൽ നിന്ന് കുറച്ച് മുന്നിലാണ് ആന ചാടി നിന്നത്. വർഗീസിനെ കാണാതായതോടെ മുന്നോട്ടോടിയ ആന തൊട്ടടുത്തുള്ള കലുങ്കും റെയിൽവേ ക്രോസും കടന്ന് കാടുകയറി.
വിവരം അറിഞ്ഞ് എത്തിയ തെന്മല വനം റേഞ്ച് ആധികൃതർ വർഗീസിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
രണ്ടു വാരിയല്ലുകളടക്കം ശരീരത്തിൽ പലയിടത്തും ഗുരുതരമായി പരിക്കേറ്റു. ഇതിനടുത്ത് ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപം ഒറ്റക്ക് താമസിക്കുന്ന ഐഷാബീവിയുടെ പുരയിടത്തിലും രാത്രി രണ്ട് ആനകളെത്തി കൃഷി നാശം വരുത്തി.
ഒറ്റക്കൽ റെയിൽവേ സ്റ്റേഷനും പരിസര പ്രദേശങ്ങളിലൂമായി ആനയുടെ നിരന്തര സാന്നിധ്യവും നാശം വരുത്തുന്നതും കാരണം ഇവിടുള്ള നൂറുകണക്കിന് കുടുംബങ്ങൾ ഭീതിയിലാണ്. വനത്തോട് ചേർന്നുള്ള ഭാഗമാണെങ്കിലും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാനുള്ള പ്രതിരോധ നടപടികൾ ഇല്ല. ജനവാസമേഖലക്ക് ചുറ്റും കിടങ്ങ് കുഴിച്ച് ആനയിൽ നിന്നും സംരക്ഷണം എർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.