പണം തിരിമറി; എസ്.ബി.ഐ തെന്മല ശാഖക്ക് മുന്നിൽ പ്രതിഷേധം
text_fieldsപുനലൂർ: നിക്ഷേപകരുടെ പണം ജീവനക്കാർ തിരിമറി നടത്തിയെന്നാരോപിച്ച് എസ്.ബി.ഐ തെന്മല ശാഖക്ക് മുന്നിൽ യുവജന സംഘടനകളുടെ പ്രതിഷേധം. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, കോൺഗ്രസ് സംഘടനകളാണ് തിങ്കളാഴ്ച പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്. ചില നിക്ഷേപകരുടെ തുക അവർ അറിയാതെ വ്യാജരേഖ ചമച്ച് തിരിമറി നടത്തിയെന്നാണ് പരാതി. 50,000 രൂപ മുതൽ അഞ്ചുലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. ഇവർ കഴിഞ്ഞദിവസങ്ങളിൽ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോൾ അക്കൗണ്ടിൽ തുകയില്ലെന്ന് അറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്.
ചിലർ തെന്മല പൊലീസിൽ പരാതി നൽകി. സീനിയർ ക്ലർക്ക് ഇവിടെനിന്ന് അടുത്തിടെ സ്ഥലം മാറിയതോടെയാണ് തട്ടിപ്പ് നടന്നതായി അധികൃതർക്ക് സൂചന ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിലെ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. ഹെഡ് ഓഫിസിൽനിന്നുള്ള നിർദേശാനുസരണം എല്ലാ അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്.
ഇതിനുശേഷമേ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് പറയാൻ കഴിയൂവെന്ന് മാനേജർ അറിയിച്ചു. എല്ലാ അക്കൗണ്ടുകളും പരിശോധിക്കാൻ ഉടമകളോടും ബാങ്ക് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് സംവിധാനങ്ങൾ ഉടൻ ഓഡിറ്റ് ചെയ്ത് പരാതിക്കാർക്ക് വ്യാഴാഴ്ച പണം തിരികെ നൽകാമെന്ന് ബാങ്ക് മാനേജറുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകി. ഇതോടെയാണ് സമരക്കാർ പിന്മാറിയത്.
ഡി.വൈ.എഫ്.ഐ സമരത്തിൽ തെന്മല മേഖല പ്രസിഡന്റ് മഹേഷ് സുകു അധ്യക്ഷതവഹിച്ചു. ബ്ലോക്ക് ട്രഷറർ എ.ബി ഷിനു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ബിൻസ്മോൻ, സുധീഷ്, പ്രഭുരാജ്, അജിത്, സന്ധ്യ എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് പ്രതിഷേധം മണ്ഡലം പ്രസിഡന്റ് ശരത് ഉദ്ഘാടനം ചെയ്തു. മോഹനൻ, ഗോപകുമാർ എന്നിവർ സംസാരിച്ചു. കോൺഗ്രസ് ഉപരോധത്തിന് മണ്ഡലം പ്രസിഡന്റ് ഷിബു കൈമണ്ണിൽ, ബ്രിജി നാഗമല, സുദർശനൻ, ഷാൻ, ജിജി, കതിരേശൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.