പുറ്റിങ്ങൽ; ഇനിയും തുടങ്ങാതെ വിചാരണ
text_fieldsപരവൂർ: പുറ്റിങ്ങൽ ദുരന്തത്തിന് ആറാണ്ട് തികയുമ്പോഴും തുടങ്ങാതെ വിചാരണ. 52 പ്രതികളുള്ള കേസിൽ കുറ്റപത്രത്തിന്റെ പകർപ്പ് നൽകുന്നത് സംബന്ധിച്ച തർക്കം കാരണമാണ് പ്രത്യേകകോടതി അനുവദിക്കാനുള്ള തീരുമാനം മാസങ്ങൾക്ക് മുമ്പ് വന്നിട്ടുപോലും വിചാരണ നീണ്ടത്. പ്രതികൾക്ക് പതിനായിരത്തിലേറെ പേജുള്ള കുറ്റപത്രത്തിന്റെ മുഴുവൻ പകർപ്പും നൽകണമെന്ന് പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കഴിഞ്ഞമാസം അവസാനമാണ് വന്നത്.
ഈ പകർപ്പുകൾ മുഴുവൻ നൽകിയാലേ കൊല്ലത്ത് പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങാനാകൂ. അതേസമയം, ദുരന്തത്തിൽപെട്ടവർക്ക് അർഹമായ മുഴുവൻ ആശ്വാസനിധി നൽകിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ചുനടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 110 പേരാണ് കൊല്ലപ്പെട്ടത്. എഴുനൂറിലേറെപ്പേർക്ക് പരിക്കേറ്റു. നൂറിലധികം വീടുകൾ തകർന്നു. 2016 ഏപ്രിൽ പത്തിന് പുലർച്ചെ 3.17 നാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം ഉണ്ടായത്. ദുരന്തത്തെ സർക്കാർ പിന്നീട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും വീടുകൾ തകർന്നവർക്കുള്ള നഷ്ടപരിഹാരം ഇനിയും അകലെയാണ്.
പി.ഡബ്ല്യു.ഡി ബിൽഡിങ്സ് വിഭാഗത്തിനായിരുന്നു നാശനഷ്ടം വിലയിരുത്താനുള്ള ചുമതല. 5000 രൂപ മുതൽ 35 ലക്ഷം രൂപ വരെ ഇവർ നഷ്ടപരിഹാരം തിട്ടപ്പെടുത്തി. പക്ഷേ പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന്റെ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത് വിനയായി. പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിനുള്ള ഫണ്ടിൽ നിന്ന് പരമാവധി 1,90,000 രൂപ വരെ മാത്രമേ നഷ്ടപരിഹാരം അനുവദിക്കാനാവൂ. 35 ലക്ഷം രൂപ നഷ്ടമുണ്ടായവർക്കും രണ്ടുലക്ഷം രൂപ നഷ്ടമുണ്ടായവർക്കും 1,90,000 രൂപ വാങ്ങി തിരികെപ്പോകേണ്ട സ്ഥിതിയായി. അതോടെ പലർക്കും അർഹിച്ച നഷ്ടപരിഹാരം കിട്ടാത്ത സ്ഥിതിയിലാണ്. ദുരന്തത്തിന്റെ ശേഷിപ്പുകൾ നീറുന്ന കാഴ്ചകളായി ഇന്നും പുറ്റിങ്ങലിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.