തർക്കസ്ഥലത്ത് നിർമാണത്തിന് റെയിൽവേയുടെ ശ്രമം; അളന്ന് തിരിച്ച് കോർപറേഷൻ അധികൃതർ
text_fieldsകൊല്ലം: സ്റ്റേഷൻ വികസനത്തിന്റെ പേരിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താനുള്ള റെയിൽവേയുടെ ശ്രമം മേയർ പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തിൽ കോർപറേഷൻ അധികൃതർ വീണ്ടും തടഞ്ഞു. ടി.എം. വർഗീസ് പാർക്ക് നിലനിന്ന ഫാത്തിമ മാത കോളജ് റോഡിനോട് ചേർന്ന സ്ഥലം തിരിച്ചുപിടിക്കാൻ കോർപറേഷൻ നടപടിയും തുടങ്ങി.
ഇതിന്റെ ഭാഗമായി സ്ഥലം അളന്നുതിരിച്ച് കയർകെട്ടി കുറ്റികൾ സ്ഥാപിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സ്ഥലം നിരപ്പാക്കാനുള്ള ശ്രമമാണ് റെയിൽവേ വെള്ളിയാഴ്ച നടത്തിയത്. ഇത് തടഞ്ഞ കോർപറേഷൻ അധികൃതർ, റെയിൽവേയുടെ നിർമാണം ഉൾപ്പെടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കി നിരപ്പാക്കിയാണ് കുറ്റിയടിച്ചത്. സ്ഥലത്ത് അതിർത്തി കല്ലിടാൻ നടപടി സ്വീകരിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടതായി മേയർ അറിയിച്ചു.
കോർപറേഷൻ അധികൃതർ എത്തിയതിനെ തുടർന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ചന്ദുരു പ്രകാശ്, എക്സിക്യൂട്ടീവ് എൻജിനീയർ ഷൺമുഖൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ നാരായണൻ നമ്പൂതിരി എന്നിവരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചർച്ച നടത്തി. കോർപറേഷനും റെയിൽവേയും റവന്യൂ വകുപ്പും സംയുക്തമായി പരിശോധന നടത്തി സ്ഥലം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു.
ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ കോർപറേഷനെ അറിയിക്കാതെ സ്ഥലത്ത് നിർമാണം നടത്തില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പുനൽകി. കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ കത്ത് നൽകി.
ടി.എം. വർഗീസ് പാർക്കിന്റെ 1.22 ഏക്കർ സ്ഥലമാണ് കോർപറേഷന്റേതാണെന്ന് അധികൃതർ പറയുന്നത്. കഴിഞ്ഞ മെയ് ആറിനാണ് നിർമ്മാണത്തിലിരിക്കുന്ന മെമു ഷെഡു മുതൽ ഫാത്തിമ മാത കോളജ് റോഡിൽ കടപ്പാക്കട ആർ.ഒ.ബി വരെ സംരക്ഷണ ഭിത്തി നിർമ്മിക്കാനുള്ള ശ്രമത്തിനെതിരെ കോർപറേഷൻ അധികൃതർ ആദ്യം രംഗത്തെത്തിയത്.
അന്ന് കലക്ടർ ഉൾപ്പെടെ ഇടപെട്ടിരുന്നു. സ്ഥലത്ത് അനുമതി ഇല്ലാതെ നിർമാണപ്രവർത്തനങ്ങൾ നടത്തരുതെന്ന് നിർദേശമുണ്ടായിട്ടും വീണ്ടും റെയിൽവേ സ്ഥലമൊരുക്കാൻ ശ്രമിച്ചതോടെയാണ് കുറ്റിയടിക്കൽ ഉൾപ്പെടെ നടപടിയുമായി മേയറും സംഘവും നീങ്ങിയത്. സ്ഥലത്ത് നിന്ന് ലക്ഷങ്ങൾ വിലയുള്ള മരങ്ങളും അനുമതി വാങ്ങാതെ റെയിൽവേ മുറിച്ചുമാറ്റിയിരുന്നു. ഇതും പ്രതിഷേധത്തിനിടയാക്കി.
വെള്ളിയാഴ്ച ടി.എം.വർഗീസ് പാർക്ക് സ്ഥലത്ത് തർക്കവും ചർച്ചയും നടക്കുന്നസമയത്ത്, ചിന്നക്കടയിലെ പഴയ മുനിസിപ്പൽ ഓഫിസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന വെൽഫയർ ഓഡിറ്റിന്റെ ജില്ല ഓഫിസ് ഒഴിപ്പിക്കാനും റെയിൽവേ അധികൃതർ ശ്രമം നടത്തി. വിവരമറിഞ്ഞ് കോർപറേഷൻ അധികൃതർ എത്തിയപ്പോഴേക്കും റെയിൽവേ അധികൃതർ സ്ഥലത്ത് നിന്ന് പോയി. കോർപറേഷന്റെ ആസ്തി രജിസ്റ്ററിൽപെട്ട ഈ സ്ഥലത്ത് കോർപറേഷൻ വക സ്ഥലമെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി അധ്യക്ഷരായ ജി. ഉദയകുമാർ, ഹണി ബഞ്ചമിൻ, എസ്. ഗീതാകുമാരി, എ.കെ. സവാദ്, യു. പവിത്ര, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ്, അസിസ്റ്റന്റ് എൻജിനീയർ രാജൻ എന്നിവർ കോർപറേഷൻ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.