ഓണത്തിരക്ക് കാണാതെ റെയിൽവേ; ജനറൽ കോച്ചുകളിൽ ദുരിതയാത്ര
text_fieldsകൊല്ലം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിക്കാതെ റെയിൽവേ. ഓണക്കാലത്ത് ഭൂരിഭാഗം ട്രെയിനുകളിലും സ്ലീപ്പർ ഉൾപ്പെടെ റിസർവേഷൻ കോച്ചുകൾ നേരത്തേതന്നെ ബുക്കിങ് ആയ സാഹചര്യത്തിൽ ജനറൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരാണ് ദുരിതം അനുഭവിക്കുന്നത്. യാത്രക്കാർക്ക് ചലിക്കാനാവാത്ത വിധം തിരക്കായിരുന്നു വ്യാഴാഴ്ച തിരുവനന്തപുരം ഭാഗത്തേക്കും ആലപ്പുഴ ഭാഗത്തേക്കും കടന്നുപോയ എല്ലാ ട്രെയിനുകളുടെയും ജനറൽ കോച്ചുകളിൽ.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ മിക്ക ട്രെയിനുകളിലും യാത്രക്കാർക്ക് ഇറങ്ങാനും കയറാനും ഏറെ സമയം വേണ്ടിവന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ തിരക്കിൽപ്പെട്ട് നിലത്തുവീഴുന്ന സാഹചര്യവുമുണ്ടായി. പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ എത്തുമ്പോൾ ഉണ്ടാവുന്ന വലിയ തിരക്ക് നിയന്ത്രിക്കാൻ ആർ.പി.എഫോ റെയിൽവേ പൊലീസോ മുന്നോട്ടുവരാത്തതും ദുരിതം വർധിപ്പിച്ചു.
യാത്രക്കാർ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനു മുമ്പ് പ്ലാറ്റ്ഫോമിലുള്ളവർ കൂട്ടമായി ട്രെയിനിലേക്ക് കയറിയത് വാക്കേറ്റത്തിനും കാരണമായി. കൊല്ലം, കരുനാഗപ്പള്ളി, വർക്കല റെയിൽവേ സ്റ്റേഷനുകളിൽ തിരക്കുകാരണം ടിക്കറ്റെടുത്ത നിരവധി യാത്രക്കാർ ബസ് അടക്കം മാറ്റ് യാത്രാ മാർഗങ്ങൾ തേേടണ്ടിയും വന്നു.
ജനറൽ കോച്ചുകളിൽ കയറിയപ്പറ്റിയവർ തന്നെ തിരക്കിലും അസഹ്യമായ ചൂടിലും തളർന്നുപോകുന്ന സാഹചര്യമുണ്ടായി. കുട്ടികളും വയോധികരുമാണ് ഏറെ കഷ്ടപ്പെട്ടത്. ഓണ അവധി കഴിഞ്ഞ് മറ്റ് ജില്ലകളിൽനിന്ന് തലസ്ഥാനത്തേക്കും തിരിച്ചും വിദ്യാർഥികൾ അടക്കം നൂറുകണക്കിന് യാത്രക്കാർ ട്രെയിനുകളാണ് മുഖ്യമായും യാത്രക്ക് ആശ്രയിക്കുന്നത്.
തിരക്കുള്ള സാഹചര്യങ്ങളിൽ ഡിവിഷനുകൾക്ക് ആവശ്യാനുസരണം ട്രെയിനുകൾ ഓടിക്കാനും കോച്ചുകൾ വർധിപ്പിക്കാനും ദക്ഷിണ റെയിൽവേ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, തിരുവനന്തപുരം ഡിവിഷനിൽ തിരക്കുള്ള അവരസരങ്ങളിലടക്കം നിലവിലെ ട്രെയിനുകളുടെ ജനറൽ കോച്ചുകൾ വർധിപ്പിക്കാൻ റെയിൽവേ വിമുഖത കാട്ടുന്നു.
തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിനുകളിൽ മിക്കവയിലും ജനറൽ കോച്ചുകൾ നാമമാത്രമാണ്. ജനറൽ ടിക്കറ്റുകൾ ആവശ്യപ്പെടുന്നവർക്കെല്ലം നൽകുമ്പോൾ അവർക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ഉറപ്പാക്കാൻ അധികൃതർ ശ്രദ്ധിക്കുന്നില്ല.
എ.സി ഫസ്റ്റ് ക്ലാസ് കോച്ചിൽ 18 മുതൽ 24 ബർത്തുകൾ വരെയും ടു ടിയർ എ.സിയിൽ 48 മുതൽ 54 ബർത്തുകൾ വരെയുമാണ് നിലവിലുള്ളത്. ത്രീ ടിയർ എ.സി കോച്ചിൽ ഇത് 64 മുതൽ 72 ബർത്തുകൾ വരെയുണ്ട്. സ്ലീപ്പർ കോച്ചുകളിൽ നിലവിൽ 72 മുതൽ 80 വരെ ബർത്തുകളുണുള്ളത്. ഓണം, ക്രിസ്മസ് പോലുള്ള കാലയളവിൽ ഇവ മാസങ്ങൾക്കു മുമ്പുതന്നെ ഏറക്കെുറെ പൂർണമായും റിസവർവ് ചെയ്യപ്പെടുന്നു.
ജനറൽ കോച്ചിൽ 90 പേർക്കാണ് യാത്രചെയ്യാൻ സാധിക്കുക. എന്നാൽ, ഭൂരിഭാഗം ട്രെയിനുകളിലും ജനറൽ കോച്ചിൽ ഇതിന്റെ നാലും അഞ്ചും ഇരട്ടി യാത്രക്കാരാണ് ഉണ്ടാവുക. യാത്രക്കാരുടെ തിരക്കനുഭവപ്പെടുന്ന സമയങ്ങളിൽ സർവിസ് നടത്തുന്ന ട്രെയിനുകളിൽപോലും മുന്നിലും പിന്നിലും ഓരോ ജനറൽ കോച്ചുകൾ മാത്രമാണ് ഉൾക്കൊള്ളിക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.