മഴക്കെടുതി നേരിടാൻ ക്രമീകരണം; ജാഗ്രത തുടരാൻ നിർദേശം
text_fieldsകൊല്ലം: ജില്ലയില്‍ മഴക്കെടുതി നേരിടാന്‍ തയാറെടുപ്പുകള്‍ ഉറപ്പാക്കിയെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ല തലത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഓറഞ്ച് അലര്‍ട്ടിലേക്ക് മാറിയെങ്കിലും ജാഗ്രതയില്‍ ഇളവ് പാടില്ല. മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വേണ്ടിവരുന്ന അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കുള്ള സൗകര്യമൊരുക്കിയെന്ന് കലക്ടര്‍ അഫ്സാന പര്‍വീണ്‍ വ്യക്തമാക്കി. 139 ക്യാമ്പുകളിലായി 2000 പേരെ ഉള്‍ക്കൊള്ളാനാകും.
കല്ലട അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ സുരക്ഷിതമാണ്. എല്ലാ നദികളിലും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലതല കണ്ട്രോള് റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. സമാന സംവിധാനം താലൂക്ക് തലത്തിലുമുണ്ട്. കിഴക്കന്‍ മേഖലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സാന്നിധ്യം തുടരുകയാണ്.
മലയോര മേഖലയിലെ പഞ്ചായത്തുകള്‍ പ്രത്യേക ജാഗ്രതയിലാണ്. മത്സ്യബന്ധന മേഖലയിലും സുരക്ഷ ഉറപ്പാക്കി. കടലില്‍ പോയ യാനങ്ങളെല്ലാം തിരികെയെത്തിച്ചെന്ന് കലക്ടര്‍ പറഞ്ഞു.മത്സ്യബന്ധന മേഖലയില്‍ മൈക്ക് അനൗണ്‍സ്മെന്റും ഇതര അപകടമേഖലകളില്‍ ശക്തമായ പൊലീസ് കാവലും നിരീക്ഷണവും നടത്തുന്നെന്ന് സിറ്റി പൊലീസ് മേധാവി മെറിന് ജോസഫ് വ്യക്തമാക്കി. എ.ഡി.എം ആര്. ബീനാറാണി, പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാര്‍, റൂറല്‍ പൊലീസ് മേധാവി കെ.ബി. മധു എന്നിവർ പങ്കെടുത്തു.
കിഴക്കൻ മേഖലയിൽ മഴക്ക് നേരിയ ശമനം; നാശം കുറയുന്നില്ല
പുനലൂർ: കിഴക്കൻ മലയോരമേഖലയിൽ ചൊവ്വാഴ്ച പകൽ ശക്തമായ മഴയില്ലാതിരുന്നത് താൽക്കാലിക ആശ്വാസമായി. എന്നാൽ, പലയിടത്തും വീടുകൾക്കും റോഡുകൾക്കും മറ്റും നാശം നേരിട്ടു.
തെന്മലയിൽ റെയിൽവേ ലൈനിനോട് ചേർന്നുള്ള കുന്ന് ഇടിഞ്ഞുവീണ് മൂന്നാം വാർഡിൽ സുചിത്ര ഭവനനിൽ കൃഷ്ണവേണിയുടെ വീടിന്റെ ഭിത്തി തകർന്നു. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലുള്ളവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശക്തമായ മഴയിൽ തിട്ട ഇടിഞ്ഞ് വീടിനുള്ളിലേക്ക് പതിച്ചത്. കുടുംബാംഗങ്ങൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. ദേശീയപാതയിൽ ആര്യങ്കാവ് ആനച്ചാടി പാലത്തിന് സമീപം വലിയ കുഴി രൂപപ്പെട്ടു. മുമ്പ് ചെറുതായുണ്ടായിരുന്ന കുഴി ഇപ്പോഴത്തെ മഴയിൽ വലുതായി. ദേശീയപാത അധികൃതർ സുരക്ഷ ബോർഡ് സ്ഥാപിച്ചെങ്കിലും രാത്രിയിൽ ഈ ഭാഗത്ത് വാഹനങ്ങൾ അപകടത്തിലാകാനിടയുണ്ട്. ദേശീയപാതയിൽ പലയിടത്തും ഉറവകൾ രൂപപ്പെട്ടും നാശമുണ്ട്. തെന്മലമുതൽ ആര്യങ്കാവ് വരെയുള്ള ഭാഗത്ത് പലയിടത്തും മരങ്ങൾ ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ പ്രളയസമയത്ത് പാതയോരത്തുള്ള അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് റവന്യൂ മന്ത്രിയും കലക്ടറും ഉത്തരവിട്ടിട്ടും പൂർണമായി മുറിച്ചുമാറ്റിയിട്ടില്ല. അപകട മരങ്ങൾ സംബന്ധിച്ച് പുനലൂർ ആർ.ഡി.ഒ കണക്കെടുത്തെങ്കിലും തുടർ നടപടികളുണ്ടായില്ല.
തെന്മല ഡാമിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി
പുനലൂർ: വെള്ളം കുറവായിരുന്ന തെന്മല പരപ്പാർ ഡാമിൽ വെള്ളം ഉയർന്നുതുടങ്ങി. വേനൽക്കാല കനാൽ ജലവിതരണത്തിന് ശേഷം കാര്യമായ മഴ ലഭിക്കാതിരുന്നതിനാൽ ഡാമിൽ വെള്ളം കുറഞ്ഞിരുന്നു. കൂടാതെ ഒരു ജനറേറ്റർ വൈദ്യുതി ഉൽപാദനത്തിനും വെള്ളം ഉപയോഗിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ അനുഭവപ്പെട്ട ശക്തമായ മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. 115.82 മീറ്റർ പൂർണ സംഭരണശേഷിയുള്ള ഡാമിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് 106.38 മീറ്റർ വെള്ളമായി. അടുത്ത ദിവസങ്ങളിലും കാര്യമായ മഴ ഉണ്ടായാലേ ഷട്ടർ തുറക്കേണ്ട അപകടനിലയിൽ വെള്ളം എത്തുകയുള്ളൂ. ഇപ്പോത്തെ സാഹചര്യത്തിൽ അപകട ഭീഷണിയില്ലെന്നും കെ.ഐ.പി അധികൃതർ പറഞ്ഞു.
കരുനാഗപ്പള്ളി താലൂക്കില്‍ കണ്ട്രോള് റൂം തുറന്നു
കൊല്ലം: മഴ തുടരുന്ന സാഹചര്യത്തില്‍ കരുനാഗപ്പള്ളി താലൂക്കില്‍ കണ്ട്രോള് റൂം തുറന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം. അടിയന്തര സാഹചര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് 0476- 620223 നമ്പറില്‍ ബന്ധപ്പെടാം. വെള്ളക്കെട്ട് ബാധിത പ്രദേശങ്ങള്‍ കണ്ടെത്തി അത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ ഷിബു പോള്‍ പറഞ്ഞു. വെള്ളക്കെട്ടുണ്ടായാല്‍ മോട്ടോര്‍ ഉപയോഗിച്ച് അടിയന്തരമായി വെള്ളം വറ്റിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
വെള്ളപ്പൊക്ക ഭീഷണിയുള്ള പള്ളിക്കലാറിന്റെ തീരത്ത് നിലവിലെ സ്ഥിതിയില്‍ ആശങ്കയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.