ചെറിയ പെരുന്നാൾ പൊലിമയിൽ നാട്
text_fieldsകൊല്ലം: വ്രതപുണ്യത്തിലൂടെ വിശ്വാസശുദ്ധി നിറഞ്ഞ റമദാൻ പൂർത്തിയാക്കി ചെറിയ പെരുന്നാൾ പൊലിമയിൽ നാട്. ശവ്വാലമ്പിളിക്ക് സ്വാഗതമോതി നാടെങ്ങും ആഘോഷത്തിന്റെ നിറനിമിഷങ്ങൾ.
റമദാനിലെ അവസാന വെള്ളിയാഴ്ചയോടെ 30 നോമ്പുകൾ പൂർത്തിയാക്കി പ്രാർഥനാപൂർണം ഈദുൽ ഫിത്റിനെ വരവേൽക്കുന്നതിന്റെ തിരക്കിലായിരുന്നു വിശ്വാസികൾ. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് അഭൂതപൂർവമായ തിരക്കാണ് പള്ളികളിൽ ദൃശ്യമായത്.
പ്രാർഥനനിറവിനൊപ്പം മൈലാഞ്ചിയണിഞ്ഞ കൈകളും പുത്തൻ കുപ്പായവും നിറഞ്ഞ മനസ്സുമെല്ലാം ചെറിയ പെരുന്നാളിനെ അർഥപൂർണമാക്കുന്നു. അതിനാൽതന്നെ ആവശ്യമായതെല്ലാം വാങ്ങാനും പെരുന്നാളിനൊരുങ്ങാനുമുള്ള തിരക്കായിരുന്നു വെള്ളിയാഴ്ച വൈകിയും എങ്ങുമുണ്ടായത്. തങ്ങൾക്കിത് ‘വലിയ’ പെരുന്നാൾ എന്നാണ് വ്യാപാരികളും പ്രതികരിച്ചത്. മുൻ വർഷങ്ങളിൽ വ്യാപാരമേഖലക്കുണ്ടായ ഇടിവിന് പരിഹാരമായി ഇത്തവണ മികച്ച തിരിച്ചുവരവാണ് കണ്ടത്. എങ്ങും രാത്രി വൈകിയും കച്ചവടം പൊടിപൊടിക്കുന്ന കാഴ്ച.
നാടൊഴുകി എത്തുന്ന ഈദ്ഗാഹുകൾക്കും പെരുന്നാൾ നമസ്കാരത്തിനുമായുള്ള ഒരുക്കങ്ങളും കഴിഞ്ഞ ദിവസം തന്നെ എല്ലായിടത്തും പൂർത്തിയായിരുന്നു. കൊല്ലം നഗരത്തിൽ തന്നെ കർബല മൈതാനം, കൊല്ലം ബീച്ച്, ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിൽ രാവിലെ ഏഴുമുതൽ ഈദ് ഗാഹ് നടക്കുന്നതിനുള്ള ഒരുക്കം പൂർണമാണ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുൾപ്പെടെ ഒരുക്കിയിട്ടുണ്ട്. പള്ളികളിലും പെരുന്നാൾ നമസ്കാരത്തിനുള്ള ക്രമീകരണങ്ങൾ പൂർണമാണ്. നമസ്കാരത്തിന് മുമ്പായി, ഫിത്ർ സക്കാത് നൽകി സഹോദരങ്ങളെ ചേർത്തുപിടിക്കുന്ന ദിനം കൂടിയാണ് ഈദുൽ ഫിതർ. നാഥനോട് കൂടുതൽ ചേർന്നുനിൽക്കാനുള്ള വഴിയൊരുങ്ങുന്ന പുണ്യദിനത്തിൽ, ഏവർക്കും ഈദ് മുബാറക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.