റേഷൻകാർഡ് മസ്റ്ററിങ് ഇന്ന് അവസാനിക്കും; കൊല്ലം ജില്ലയിൽ 78.31 ശതമാനം പൂർത്തിയായി
text_fieldsകൊല്ലം: റേഷൻ കാർഡ് മസ്റ്ററിങ് ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ ജില്ലയിൽ 78.31 ശതമാനം പൂർത്തിയായതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ആകെ 10,24,456 പേർ റേഷൻ കടകളിലെത്തി തിങ്കളാഴ്ചവരെ മസ്റ്ററിങ് പൂർത്തിയാക്കി.
അന്ത്യോദയ (മഞ്ഞ), മുൻഗണന (പിങ്ക്) എന്നീ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങ്ങാണ് നടക്കുന്നത്. ജില്ലയിലാകെ മുൻഗണന (പിങ്ക്) 11,52,182 കാർഡുടമകളാണുള്ളത്. ഇതിൽ 9,00,349 പേരുടെ മസ്റ്ററിങ് തിങ്കളാഴ്ചവരെ പൂർത്തിയി. അന്ത്യോദയ (മഞ്ഞ) കാർഡുകൾ 1,55,939 പേർക്കാണുള്ളത്.
ഇതിൽ 1,24,107 പേർ മസ്റ്ററിങ് പൂർത്തിയാക്കി. മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാതെ പോകുന്നവർക്ക് പിന്നീട് അവസരം ലഭിക്കുമോയെന്ന ആശങ്ക കാർഡുടമകൾക്കുണ്ട്.
റേഷൻ കാർഡിൽ ഉൾപ്പെടുന്ന കുട്ടികളുടെ ഉൾപ്പെടെയുള്ള മസ്റ്ററിങ്ങാണ് ആധാർ കാർഡ് പുതുക്കാത്തത് കാരണം തടസ്സപ്പെടുന്നത്. എന്നാൽ, ആധാറിന്റെ പേരിൽ മസ്റ്ററിങ് മുടങ്ങുന്നവർ ആശങ്കപ്പെടേണ്ടതില്ലെന്നും പിന്നീട് ഇത്തരക്കാർക്ക് അവസരം നൽകാൻ സാധ്യതയുണ്ടെന്നുമാണ് അധികൃതർ പറയുന്നത്.
ആധാർ അപ്ഡേഷൻ നടത്താൻ കഴിയാത്ത 10 വയസ്സിന് താഴെയുള്ള കുട്ടികൾ, കൈവിരൽ യന്ത്രത്തിൽ പതിയാത്തവർ, മറ്റിടങ്ങളിൽ ജോലിക്കും പഠനാവശ്യത്തിനുമായി പോയവർ തുടങ്ങിയവർക്കുള്ള മസ്റ്ററിങ് പിന്നീട് അറിയിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
റേഷൻ കാർഡിൽ പേരുവിവരങ്ങളുള്ള എല്ലാവരും മസ്റ്ററിങ് പൂർത്തീകരിക്കണം. ആധാർ പുതുക്കാത്തതിന്റെ പേരിൽ മസ്റ്ററിങ് മുടങ്ങിയവരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തി വിവരം അറിയിക്കാൻ സർക്കാർ റേഷൻ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പഠന ആവശ്യങ്ങൾക്കോ ജോലി സംബന്ധമായോ മറ്റു ജില്ലകൾ, താലൂക്കുകൾ എന്നിങ്ങനെ താമസിക്കുന്നവർക്ക് അവരുടെ തൊട്ടടുത്ത റേഷൻകടയിലെത്തി മസ്റ്ററിങ് നടത്താം.
ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും ഇതിന് അവസരമുണ്ട്. റേഷൻ കാർഡ് പകർപ്പ് /കാർഡ് നമ്പർ, ആധാർ രേഖ/നമ്പർ എന്നിവയുമായാണ് റേഷൻ കടകളിലേക്ക് എത്തേണ്ടത്. റേഷൻ കടകളിലെത്താൻ സാധിക്കാത്ത കിടപ്പുരോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ താമസസ്ഥലത്തെത്തിയായിരുന്നു മസ്റ്ററിങ് നടത്തിയത്.
നടപടി ഒക്ടോബർ 15ന് പൂർത്തിയാക്കി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് കൈമാറാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ-കെ.വൈ.സി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് മസ്റ്ററിങ്ങിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.