അക്ഷര തറവാടിന്റെ നാഥൻ
text_fieldsകൊല്ലം: ഒരു സിനിമയിലെ ലാഭം കൊണ്ട് സ്വന്തം നാടിനായി അറിവിന്റെ മഹാനിലയം പണിതുയർത്തിയ ധിഷണശാലി എന്ന വിശേഷണം കൂടിയുണ്ട് രവീന്ദ്രനാഥൻ നായർക്ക്. വ്യവസായിയും സിനിമ നിർമാതാവും എന്നതിനപ്പുറം രവി മുതലാളി നടത്തിയ സേവന പ്രവർത്തനങ്ങളുടെ അടയാളചിഹ്നമായി ഉന്നതശ്രേണിയിൽ തലയുയർത്തി നിൽക്കുകയാണ് കൊല്ലം നഗരഹൃദയത്തിലുള്ള പബ്ലിക് ലൈബ്രറി. അച്ചാണി എന്ന സൂപ്പർഹിറ്റ് സിനിമയുടെ ലാഭം മുഴുവൻ കൊല്ലത്തിനൊരു പൊതുഗ്രന്ഥശാല സമ്മാനിക്കാൻ അദ്ദേഹം നീക്കിവെക്കുകയായിരുന്നു. ഒരു ലൈബ്രറിയുടെ പിറവിക്ക് സിനിമ നിമിത്തമായ അത്യപൂർവ ഉദാഹരണമായി അതുമാറി. 1973 ജൂലൈയിൽ ‘അച്ചാണി’ റിലീസായതോടെ രവി മുതലാളി പ്രഖ്യാപിച്ചു, ഈ സിനിമയുടെ ലാഭം ഉപയോഗിച്ച് കൊല്ലത്ത് ഗ്രന്ഥശാല നിർമിക്കും. വെറുതെ ഒരു പ്രഖ്യാപനമായിരുന്നില്ല, സിനിമ പോസ്റ്ററിൽ വരെ ആ വാക്കുകൾ അദ്ദേഹം ഉൾപ്പെടുത്തി.
അച്ചാണി സൂപ്പർഹിറ്റായി, രവി മുതലാളി വാക്കും പാലിച്ചു. അന്ന് സിനിമയിൽനിന്ന് ലഭിച്ച 14 ലക്ഷത്തിലധികം രൂപ കൊല്ലം സമൂഹത്തിന് സ്വന്തമായൊരു ലൈബ്രറി നിർമിക്കാൻ മാറ്റിവെച്ചു. വെറും സ്പോൺസറായി പുറകിൽ മാറി നിൽക്കാതെ ലൈബ്രറി നിർമിക്കാനുള്ള പരിശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങാനും അദ്ദേഹം മറന്നില്ല. അന്നത്തെ പൗരപ്രമുഖരുമൊത്ത് കലക്ടറെ സമീപിച്ചു, ലൈബ്രറിക്കായി നഗരഹൃദയത്തിൽ സ്ഥലം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അന്വേഷണം ചെന്നെത്തിയത് എസ്.എം.പി പാലസിന് സമീപം അന്ന് എക്സൈസ് ഓഫിസ് പ്രവർത്തിച്ചിരുന്ന കണ്ണായ സ്ഥലത്ത്.
നാടിനായി ബൃഹത് ലൈബ്രറി സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് താങ്ങായി മന്ത്രിമാരായ ബേബി ജോണും ടി.കെ. ദിവാകരനും സർക്കാറും നിന്നതോടെ ആ സ്ഥലം ലൈബ്രറി നിർമിക്കാൻ രവി മുതലാളിക്ക് കൈമാറി. ഗ്രന്ഥശാല എന്നതിനപ്പുറം കൊല്ലം നഗരത്തിന്റെ സാംസ്കാരിക കേന്ദ്രമായി അവിടം മാറണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സോപാനം എന്ന കലാകേന്ദ്രവും പിൽക്കാലത്ത് സരസ്വതി ഹാളും സാവിത്രി ഹാളും കുട്ടികളുടെ ലൈബ്രറിയും പ്രധാന ലൈബ്രറി കെട്ടിടത്തിന് പിറകിലായി നിർമിച്ചു.
1979 ജനുവരി രണ്ടിന് പ്രധാനമന്ത്രി മൊറാർജി ദേശായി ആണ് ലൈബ്രറി ഉദ്ഘാടനം ചെയ്തത്. പതിനായിരക്കണക്കിന് പുസ്തകങ്ങളും മുപ്പതിലധികം ജീവനക്കാരുമായി ആരംഭിച്ച ലൈബ്രറിയുടെ ഗവേണിങ് ബോഡിയിൽ ആജീവനാന്ത ഓണററി സെക്രട്ടറിയായി രവീന്ദ്രനാഥൻ നായർ. അക്ഷരാർഥത്തിൽ കൊല്ലത്തിന്റെ അക്ഷര തറവാടിന്റെ നാഥനായി മാറിയ അദ്ദേഹം അവിടുന്നങ്ങോട്ട് ലൈബ്രറിയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള പരിശ്രമങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. സിനിമയുടെ ലാഭം മാത്രമല്ല, തന്റെ കമ്പനിയുടെ വരുമാനത്തിന്റെ ഒരു വിഹിതം എല്ലാവർഷവും ലൈബ്രറിക്ക് വേണ്ടി മാറ്റിവെച്ചു.
ഇന്ന് 60000ത്തിൽപരം അംഗങ്ങളും 1.25 ലക്ഷത്തിലധികം പുസ്തകങ്ങളും സ്വന്തമായ ലൈബ്രറിയുടെ സാംസ്കാരിക കേന്ദ്രം, റിസർച് സെന്റർ എന്നീ നിലകളിലെ വളർച്ചയിൽ അദ്ദേഹം മുന്നിൽനിന്ന് നയിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് അനാരോഗ്യം തടസ്സമായെത്തുന്നത് വരെ എല്ലാ ദിവസവും വൈകീട്ട് ലൈബ്രറിയിലെത്തി, എല്ലാ കാര്യങ്ങളിലും ശ്രദ്ധനൽകി വായന ആസ്വദിച്ചിരിക്കുന്ന രവി മുതലാളിയെ കൊല്ലംകാർക്ക് കാണാൻ കഴിഞ്ഞിരുന്നു. അനാരോഗ്യം തളർത്തിയതോടെ പൊതുവേദികളിൽനിന്ന് പിൻവാങ്ങിയപ്പോഴും ലൈബ്രറി പ്രവർത്തനങ്ങളിൽ ശ്രദ്ധയുണ്ടായിരുന്നു. കോവിഡ് കാലത്തിന് ശേഷം ലൈബ്രറിക്കുണ്ടായ ഇടർച്ചയിൽ വേദനിച്ച അഭ്യുദയകാംക്ഷികൾ പറഞ്ഞത്, രവി മുതലാളി പഴയതുപോലെ മുൻനിരയിൽ ഉണ്ടായിരുന്നെങ്കിൽ ഈ സ്ഥിതി വരില്ല എന്നായിരുന്നു. അദ്ദേഹം വിടപറഞ്ഞുപോകുമ്പോൾ, തീർത്തും നാഥനില്ലാതായതിന്റെ വേദനയിൽ ശോകമൂകമാണ് കൊല്ലത്തിന്റെ അക്ഷര തറവാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.