സ്ഥിരം കുറ്റവാളികളായ യുവാക്കൾ കരുതൽ തടങ്കലിൽ
text_fieldsകൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായി മാറിയ സ്ഥിരം കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ആറ് മാസത്തേക്ക് കരുതൽ തടവിലാക്കി. വടക്കേവിള പോളയത്തോട് വയലിൽ തോപ്പ് പുത്തൻ വീട്ടിൽ അരുൺദാസ്(32), തഴുത്തല പുതുച്ചിറ ലതവിലാസം വീട്ടിൽ കിച്ചു എന്ന ഹരികൃഷ്ണൻ (26) എന്നിവരാണ് തടവിലായത്.
2022 മുതൽ കൊല്ലം ഈസ്റ്റ്, വെസ്റ്റ്, കൊട്ടിയം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അരുൺദാസ്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന ഇയാൾ കാലാവധി പൂർത്തിയാക്കി ഇറങ്ങിയ ശേഷവും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കരുതൽ തടങ്കലിന് ഉത്തരവായത്.
കൊലപാതകശ്രമം, നരഹത്യാശ്രമം, കൈയേറ്റം, അതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ ദിപിൻ, സി.പി.ഒമാരായ അനു ആർ. നാഥ്, രമേശ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
കൊലപാതകശ്രമം, നരഹത്യാശ്രമം, കൈയേറ്റം തുടങ്ങിയ ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് വിചാരണ നേരിടുന്ന ആളാണ് ഹരികൃഷ്ണൻ. 2020 മുതൽ ഇതുവരെ കൊട്ടിയം, കണ്ണനല്ലൂർ സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊട്ടിയം ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
സിറ്റി പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ എൻ. ദേവിദാസാണ് ഇവർക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവായത്. സ്ഥിരം കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം ശക്തമായ നടപടികൾ തുടരുമെന്ന് സിറ്റി പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.