പാട്ടക്കാലാവധി പുതുക്കൽ; ആശങ്കയേറ്റി വനംവകുപ്പ് റീസർവേ
text_fieldsപത്തനാപുരം: പാട്ടക്കാലാവധി പുതുക്കാനായി സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ എസ്റ്റേറ്റുകളില്‍ വനംവകുപ്പ് നടത്തുന്ന റീസർവേക്കെതിരെ പ്രദേശവാസികൾക്കിടയിൽ ആശങ്കയും പ്രതിഷേധവും. റീസർവേക്ക് ആവശ്യമായ വിവരശേഖരണനടപടികൾ നിർത്തിവെക്കണമെന്ന് മന്ത്രിതലത്തിൽനിന്ന് നിർദേശം ഉണ്ടായിട്ടും വനംവകുപ്പിന്‍റെ ഭാഗത്ത് നിന്ന് നടപടി തുടരുകയാണ്.
ഇതിനെതിരെ പലഭാഗങ്ങളിൽനിന്ന് പ്രതിഷേധം ഉയരുകയാണ്. ഫാമിങ് കോർപറേഷനുവേണ്ടി വനംവകുപ്പ് നൽകിയ ഭൂമി അളന്നു തിട്ടപ്പെടുത്തിയാൽ മാത്രമേ കോർപറേഷന്റെ പാട്ടക്കാലാവധി നീട്ടി നൽകാന്‍ കഴിയൂവെന്നാണ് വനംവകുപ്പിന്റെ വാദം. ഇതിെനത്തുടര്‍ന്നാണ് റീസർവേ ആരംഭിച്ചത്.
ആശങ്കയിൽ നൂറോളം കുടുംബങ്ങൾ
ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലുള്ള ഫാമിങ് കോർപറേഷന്റെ കുമരംകുടി, മുള്ളുമല, ചെരുപ്പിട്ടകാവ്, ചിതല്‍വെട്ടി എസ്റ്റേറ്റുകളിലാണ് സർവേ നടത്തേണ്ടത്. ഇതിൽ കുമരംകുടി, മുള്ളുമല, ചെരുപ്പിട്ടകാവ് എസ്റ്റേറ്റുകളിൽ അതിർത്തികൾ നിർണയിച്ച് അളന്ന് കല്ലിട്ടു കഴിഞ്ഞു. ഇവിടങ്ങളിൽ ജനവാസമേഖല ഇല്ലാത്തതും കോർപറേഷന്റെ അതിർത്തികൾ വനഭൂമി ആയതിനാലും പ്രതിഷേധങ്ങൾ ഒന്നുമുണ്ടായില്ല.
എന്നാൽ, ചിതൽവെട്ടി എസ്റ്റേറ്റിൽ കോർപറേഷന്റെ അതിർത്തികളിൽ താമസിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. ഇവിടെയാണ് റീസർവേയുമായി ബന്ധപ്പെട്ട ആശങ്ക നിലനിൽക്കുന്നത്. നാനൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്നും നൂറിലധികം കുടുംബങ്ങളുടെ പട്ടയപ്രശ്നങ്ങള്‍ സങ്കീർണമാകുമെന്നുമാണ് നിലവില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രചാരണം.
മുമ്പ് വനം വകുപ്പ് മുൻകൈയെടുത്താണ് വിവിധ അതിർത്തികളിൽ ജണ്ട കെട്ടിത്തിരിച്ചത്. സ്വകാര്യഭൂമികളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങൾ പ്രത്യേകം അളന്നുതിരിച്ചായിരുന്നു ജണ്ട കെട്ടൽ.
കോർപറേഷന്റെ പാട്ടക്കാലാവധി പുതുക്കുന്നതിന് വേണ്ടിയാണ് അതിർത്തി തിരിക്കുന്നതെന്നും ജണ്ട കെട്ടുന്നതെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാൽ, നിലവിൽ സ്വകാര്യ ഭൂമിയുടെ അളവുകൂടി ഉൾപ്പെടുത്തണമെന്ന നിലപാട് വനംവകുപ്പ് കൈക്കൊണ്ടു. ഇത് ജനങ്ങൾക്കിടയിൽ ആശങ്കകൾ വർധിപ്പിച്ചു.
പാട്ടക്കാലാവധി പുനര്‍നിശ്ചയിക്കാൻ സർവേയുമായി വനംവകുപ്പ് മുന്നോട്ട്
1964ലാണ് സ്റ്റേറ്റ് ഫാമിങ് കോർപറേഷന്റെ കാര്‍ഷിക ആവശ്യങ്ങൾക്കായി സർക്കാർ വന ഭൂമി പാട്ടത്തിന് നൽകിയത്. 1972 മുതല്‍ പാട്ടക്കുടിശ്ശിക കാലാവധി 20 വർഷത്തേക്കും തുടര്‍ന്ന് പത്ത് വർഷത്തേക്കും വർധിപ്പിച്ചു. ഇതനുസരിച്ച് 2012ല്‍ വനംവകുപ്പും ഫാമും തമ്മിലുള്ള പാട്ടക്കരാര്‍ അവസാനിച്ചു.
30 വർഷത്തെ കരാര്‍ കാലാവധി പൂർത്തിയായതോടെ വനഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നും എന്നാൽ മാത്രമേ തുടർന്നുള്ള പാട്ടക്കാലാവധി പുനര്‍നിശ്ചയിക്കാൻ കഴിയൂവെന്നും വനം വകുപ്പ് അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ കോർപറേഷൻ മുൻകൈയെടുത്ത് സർവേ നടത്തിയിരുന്നു. എന്നാൽ, ജി.പി.എസ് സർവേ തന്നെ വേണമെന്നുള്ള നിബന്ധനകളെ തുടർന്ന് സർവേ നടപടികൾ വനംവകുപ്പിന് വിട്ടുകൊടുക്കുകയായിരുന്നു.
സർക്കാർ ഭൂമിയുടെ രേഖകൾ സംബന്ധിക്കുന്ന പരിവാഹൻ പോർട്ടലിലൂടെ മാത്രമേ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയൂ. ഇതിനായി ആദ്യം ഉണ്ടായിരുന്ന സ്ഥലവും നിലവിലുള്ള സ്ഥലവും വനംവകുപ്പിന് കൃത്യമായി തിട്ടപ്പെടുത്തേണ്ടതുണ്ട്. 1964ല്‍ 2380 ഹെക്ടർ ഭൂമിയാണ് പാട്ടവ്യവസ്ഥയിൽ കോർപറേഷന് കൈമാറിയത്.
ഇതില്‍ 300 ഹെക്ടറോളം ഭൂമിയുടെ കുറവുണ്ടെന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തൽ. ശബരിമല നിലക്കലുണ്ടായിരുന്ന 120 ഹെക്ടർ ഭൂമി തീർഥാടകരുടെ അടിസ്ഥാനസൗകര്യങ്ങളുടെ ആവശ്യത്തിനുവേണ്ടി ദേവസ്വം ബോർഡിന് വിട്ടുനൽകിയിരുന്നു. ബാക്കിയുള്ള ഭൂമിയിലാണ് കൈയേറ്റം നടന്നതായി വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ഭൂമിക്ക് പുറമേ മാങ്കോട്, കരിശനംകോട്, പൂങ്കുളഞ്ഞി മേഖലകളിൽ ദേവാലയങ്ങള്‍, സർക്കാർ സ്ഥാപനങ്ങള്‍, പത്തനാപുരം ഗ്രാമപഞ്ചായത്ത് പൊതുമാർക്കറ്റ് എന്നിവ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇതില്‍ മാങ്കോട് ഭാഗത്തെ വിദ്യാലയത്തിനും പഞ്ചായത്ത് മാര്‍ക്കറ്റിനുമായി പത്തേക്കർ സ്ഥലം അതത് വകുപ്പുകൾക്ക് പതിച്ചുനൽകുകയും ചെയ്തിട്ടുണ്ട്.
തുടക്കകാലത്ത് ഭൂമി വിട്ടുനൽകുന്നതിന് മുന്നോടിയായി തയാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ സർവേ നടക്കുന്നത്. 2015 ഫാമിങ് കോര്‍പറേഷന്‍ നേരിട്ട് അതിര്‍ത്തി നിര്‍ണയം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നാല് എസ്റ്റേറ്റുകളിലായി 680 ജണ്ടയും 700 കാവല്‍ കല്ലുകളും ഇട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.