കരുതൽ മേഖല; ഉത്കണ്ഠയോടെ ശെന്തുരുണിയിലെ ഗ്രാമങ്ങൾ
text_fieldsകൊല്ലം: കരുതൽ മേഖല സംബന്ധിച്ച ഭൂപടം പുറത്തുവന്നതോടെ അപൂർവ സസ്യ-ജീവിജാലങ്ങൾ നിറഞ്ഞ ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ പരിധിയിൽവരുന്ന ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ മേഖലയിലെ മൂന്ന് ഗ്രാമങ്ങളിലുള്ളവർ ആശങ്കയിൽ.
ജനവാസമേഖലകളെ ഉൾപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുപറയുമ്പോഴും ഇവിടങ്ങളിൽ ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കുമെന്ന് ജനപ്രതിനിധികൾക്കും വനം-റവന്യൂ ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല. മൂന്നു പഞ്ചായത്തുകളിലായി 11ഓളം വാർഡുകളിലെ 1500ഓളം കെട്ടിടങ്ങളെ ബാധിക്കുമെന്ന അനൗദ്യോഗിക വിവരമാണ് പ്രചരിക്കുന്നത്.
ഭൂപടത്തെക്കുറിച്ച പരാതികൾ പഞ്ചായത്തുവഴി സമർപ്പിക്കാമെന്നതാണ് നിലവിലെ ആശ്വാസം. വാർഡുതലത്തിൽ രൂപവത്കരിക്കുന്ന ജനകീയ കമ്മിറ്റികളാണ് പരാതി പരിഗണിക്കുക. പരാതി പരിഗണിച്ച് ജിയോ ടാഗിങ് ചെയ്യും. പൊതുജനത്തിന് സഹായമൊരുക്കാൻ പഞ്ചായത്തുകളിൽ അംഗങ്ങളുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്കുകളും പ്രവർത്തനക്ഷമമായിട്ടുണ്ട്. ഭൂപടം വാർഡിൽ പരിശോധനക്ക് ലഭ്യമാണ്.
ഉറക്കം നഷ്ടപ്പെട്ട് മലയോരവാസികൾ
പുനലൂർ: ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ കരുതൽ മേഖലയിൽ കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തിയതോടെ കിഴക്കൻ മലയോരത്തെ പ്രധാന ജനവാസമേഖലയിലെ കുടുംബങ്ങൾ ആശങ്കയിൽ.
കരുതൽ മേഖല സംബന്ധിച്ച ഉപഗ്രഹ സർവേ മുഖാന്തരം പുറത്തുവിട്ട അതിരടയാളങ്ങൾ പ്രകാരം ശെന്തുരുണിയുടെ ഇക്കോ സെൻസിറ്റീവ് ഏരിയയായി (ഇ.എസ്.ഇസഡ്) കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തിയതോടെ തെന്മല ടൗൺ പൂർണമായും ആര്യങ്കാവ് ഭാഗികമായും കരുതൽ മേഖലയിൽ ഉൾപ്പെടും.
ഇതുസംബന്ധിച്ച സംശയങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകാൻ ശെന്തുരുണി വന്യജീവി സങ്കേതം അധികൃതരടക്കം വനപാലകർക്ക് കഴിയുന്നില്ല. റവന്യൂ, പഞ്ചായത്ത് അധികൃതർക്കും വ്യക്തമായ ധാരണയില്ല. ഈ സാഹചര്യത്തിൽ പഞ്ചായത്തുതലത്തിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്.
ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിന് 173 ചതുരശ്ര കിലോമീറ്റർ ചുറ്റളവാണുള്ളത്. കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ ഉൾപ്പെടുന്നു. തെന്മല ടൗൺ ഉൾപ്പെടുന്ന മൂന്ന്, നാല് വാർഡുകൾ പൂർണമായി കരുതൽ മേഖലയിലാണ്. പഞ്ചായത്ത് ഓഫിസ്, പൊലീസ് സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വനം ഡിവിഷൻ ഓഫിസ്, പി.എച്ച്.സി തുടങ്ങിയവ ഉൾപ്പെട്ടതാണ് ടൗൺ. നിരവധി കുടുംബങ്ങളും സ്വകാര്യ റബർ എസ്റ്റേറ്റുകളുമുണ്ട്. തെന്മല ഇക്കോ ടൂറിസം, ശെന്തുരുണി ഇക്കോ ടൂറിസം എന്നിവയും ഉൾക്കൊള്ളുന്നു. കരുതൽ മേഖലയിൽ ഈ ഭാഗങ്ങൾ ഉൾപ്പെടുത്തിയാൽ ടൂറിസം പദ്ധതികളെല്ലാം പൂട്ടേണ്ടിവരും.
ആര്യങ്കാവിൽ 11 സർവേ നമ്പരുകളാണ് കരുതൽ മേഖലയിൽ ഉൾപ്പെടുന്നത്. കഴുതുരുട്ടിയിലെ പഞ്ചായത്ത് ഓഫിസ്, സ്കൂൾ, പി.എച്ച്.സി, മാർക്കറ്റ്, ആരാധനാലയങ്ങൾ എന്നിവ കരുതൽ മേഖലയിലാണ്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഒമ്പത് കോളനികളും ഉൾപ്പെടും.
പ്രധാന ജനവാസതകേന്ദ്രങ്ങളായ പാലരുവിയും കുളത്തൂപ്പുഴ പഞ്ചായത്തിലെ റോസ്മലയും കരുതൽ മേഖലയിലാണ്. സർവകക്ഷി യോഗം ചേർന്ന് കരുതൽ മേഖല പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്യങ്കാവിൽ പഞ്ചായത്ത് രംഗത്തുവന്നു.
കുളത്തൂപ്പുഴയിൽ നാല് വാർഡുകളിലുൾപ്പെട്ടവർ കരുതൽ മേഖലയിൽ
കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലെ എസ്റ്റേറ്റ്, ഇ.എസ്.എം കോളനി, അമ്പതേക്കര്‍, റോസ്മല എന്നീ വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ജനവാസ മേഖലകള്‍ കരുതൽ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എസ്റ്റേറ്റ് വാര്‍ഡിലെ പള്ളംവെട്ടി, പതിനഞ്ചേക്കര്‍ ഭാഗങ്ങളും ഇ.എസ്.എം കോളനിയിലെ നെടുവന്നൂര്‍ക്കടവ്, കട്ടിളപ്പാറ പ്രദേശങ്ങളും അമ്പതേക്കര്‍ വാര്‍ഡില്‍ ഉള്‍പ്പെട്ട വില്ലുമല, പേരാന്‍കോവില്‍, രണ്ടാംമൈല്‍ ആദിവാസി കോളനികളും റോസ്മല വാര്‍ഡ് പൂർണമായും കരുതൽ മേഖലയിലായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ജനവാസ മേഖലകളെ ഒഴിവാക്കാൻ പ്രദേശവാസികളുടെ പരാതികളും നിവേദനങ്ങളും സര്‍ക്കാറിലേക്ക് എത്തിക്കുന്നതിന് സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍കുമാര്‍ പറഞ്ഞു.
അതേസമയം, റീ ബില്‍ഡ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് റോസ്മല, കട്ടിളപ്പാറ, ഡാലിക്കരിക്കം പ്രദേശങ്ങളില്‍ വനം വകുപ്പ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നടപ്പാക്കി വരുകയാണ്. ഇതിനുപിന്നാലെയാണ് ജനങ്ങളില്‍ ആശങ്ക പരത്തി കരുതൽ മേഖലയുമായി ബന്ധപ്പെട്ട രേഖാചിത്രങ്ങള്‍ പുറത്തുവന്നത്.
സമീപ പ്രദേശങ്ങളിലെ ജനവാസ മേഖലകള്‍ ഒഴിവാക്കിയ അധികൃതര്‍ പതിനഞ്ചേക്കര്‍, മത്സ്യവിത്തുല്പാദന കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം അടക്കം കരുതൽ മേഖലയിൽ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ വനം വകുപ്പ് അധികൃതരുടെ ഇടപെടലുണ്ടെന്ന് ആരോപണമുണ്ട്.
നിലവില്‍ വന്യജീവിവകുപ്പിന്റെ കൈവശമുള്ള ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ ജനവാസ മേഖലകളില്‍നിന്ന് ഏറെ അകലെയാണെന്നതും നാട്ടുകാര്‍ക്കിടയില്‍ സംശയമുണ്ടാക്കുന്നു.
ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കുക എന്നതാണ് നാടിന്റെ ആവശ്യമെന്നും അതിനായി സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രേഖകളടക്കം സമര്‍പ്പിച്ച് അടിയന്തര നടപടി സ്വീകരിക്കേണ്ടതാണെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശവാസികള്‍ക്ക് വാര്‍ഡുതലത്തില്‍ ആരംഭിക്കുന്ന സഹായ കേന്ദ്രങ്ങള്‍ വഴി അപേക്ഷകളും പരാതികളും സമര്‍പ്പിക്കാനുള്ള സൗകര്യം അടുത്ത ദിവസം മുതല്‍ ഉണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.