പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നു; കുടിവെള്ളമില്ലാതെ വലിയപാറ ചെരുവ് കോളനി നിവാസികള്‍
text_fieldsചടയമംഗലം: ജലവിതരണ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നതുമൂലം കോളനി നിവാസികളുടെ കുടിവള്ള പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്നാക്ഷേപം. നിരവധി കുടുംബങ്ങളുള്ള വലിയപാറ ചെരുവ് കോളനി നിവാസികള്‍ ആശ്രയിക്കുന്നത് പ്രദേശത്തെ കിണറിനെയാണ്. കൊച്ചാലുംമൂട് വലിയപാറ ചെരുവ് കോളനി നിവാസികള്‍ക്കായി ജില്ല പഞ്ചായത്ത് പട്ടികജാതി ഫണ്ട് ചെലവഴിച്ച് നിർമിച്ച കുടിവെള്ള പദ്ധതിയാണ് ഫലം കാണാതെയാകുന്നത്. പൈപ്പുകള്‍ പൊട്ടുന്നതിന് പുറമേ നടത്തിപ്പിലെ പോരായ്മ മൂലവും കോളനി നിവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്.
ചിതറ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊച്ചാലുംമൂട്ടില്‍ നിന്നാണ് വലിയപാറ ചെരുവിലെ വെള്ളം തുറന്നു വിടുന്നത്. എന്നാല്‍, ജടായുപ്പാറ സ്ഥിതി ചെയ്യുന്ന ഉയര്‍ന്ന സ്ഥലത്തെ കോളനിയിലേക്ക് പമ്പിങ് നടക്കാറില്ല. ഇവിടേക്ക് വെള്ളം തുറന്നുവിടുമ്പോള്‍ സൊസൈറ്റി മുക്കിന് സമീപത്ത് പൈപ്പ് പൊട്ടി ജലം പാഴാവുക പതിവാണ്.
നിരവധി തവണ പൈപ്പ് പൊട്ടുകയും ദിവസങ്ങളോളം ജലം പാഴായശേഷം പൈപ്പ് മാറ്റുകയുമാണ് പതിവ്.
ഇവിടെയുള്ള പി.വി.സി പൈപ്പിന് പകരം ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ച് നിരന്തരമുള്ള ലീക്കും പൊട്ടലും ഒഴിവാക്കാമെന്നിരിക്കെ ഉത്തരവാദപ്പെട്ടവര്‍ ഇതിനായി നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കോളനിയിലേക്ക് കുടിവെള്ളമെത്തിക്കാനാണ് പദ്ധതി ആരംഭിച്ചതെങ്കിലും മറ്റ് മേഖലകളിലേക്ക് കുടിവെള്ളം തുറന്നു വിടുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
പൈപ്പ് ലീക്കായി വെള്ളം ഒഴുകുന്നതുമൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആവശ്യക്കാര്‍ക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാണ്.
ഗവ. എം.ജി എച്ച്.എസ്.എസിലേക്കും ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലേക്കും പോകുന്നവരും സമീപവാസികളായ കാല്‍നടയാത്രക്കാരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്.
വെള്ളം പൊട്ടിയൊഴുകുന്നതിനാലും പൈപ്പിന്റെ അറ്റകുറ്റപ്പണികളാലും പ്രധാന റോഡായ ചിങ്ങേലി ചടയമംഗലം റോഡ് തകര്‍ന്ന അവസ്ഥയിലാണ്.
ജലവകുപ്പിന്റെ അനാസ്ഥയെക്കുറിച്ച് ജലവകുപ്പിനും പൊതുമരാമത്ത് വകുപ്പുകള്‍ക്കും മുഖ്യമന്ത്രിക്കും ജില്ല പഞ്ചായത്തിനും പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.