ഓച്ചിറ ടൗൺ വികസനത്തിന് റവന്യൂ വകുപ്പ് 10 സെന്റ് വസ്തു വിട്ടുനൽകി
text_fieldsഓച്ചിറ: ഓച്ചിറയുടെ വികസനത്തിന് റവന്യൂ വകുപ്പിെൻറ അധീനതയിലുള്ള ടൗൺ മൈതാനത്തിലെ 10 സെന്റ് വസ്തു അനുവദിച്ച് കലക്ടർ ഉത്തരവായി.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനോട് ചേർന്ന് തെക്കുഭാഗത്ത് പഴയ ദേശീയപാതയുടെയും കൊല്ലം-ആയിരംതെങ്ങ് റോഡിെൻറയും അഭിമുഖമായുള്ള ഭൂമിയാണ് നിർമാണ പ്രവർത്തനത്തിന് എം.എൽ.എയുടെ അവശ്യപ്രകാരം പഞ്ചായത്തിന് അനുമതി നൽകിയത്. വികസനത്തിനായി സി.ആർ. മഹേഷ് എം.എൽ.എയുടെ വികസനഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും, ശുചിത്വമിഷൻ 18 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ടേക്ക് എ ബ്രേക്ക്, ആധുനിക ശൗചാലയം, കുടുംബശ്രീ കോഫീ കഫെ, വിശ്രമകേന്ദ്രം, അമ്മമാർക്കുള്ള മുലയൂട്ടൽ കേന്ദ്രം, മൈതാനത്തിെൻറ സൗന്ദര്യവത്കരണം എന്നിവയാണ് നിർമിക്കുക.
നടത്തിപ്പവകാശം ഓച്ചിറ പഞ്ചായത്തിനാണ്. ശൗചാലയത്തിൽ വനിതകൾക്കും പുരുഷന്മാർക്കുമായി മൂന്ന് വീതവും, ഭിന്നശേഷിക്കാർക്കായി ഒരു ശുചിമുറിയും നിർമിക്കും. കുളിക്കാനുള്ള സൗകര്യവും ഉണ്ടാകും. ആവശ്യാനുസരണം ശുദ്ധജലം ലഭ്യമാക്കാൻ കുഴൽകിണർ സ്ഥാപിക്കും. കുണ്ടുംകുഴിയും നിറഞ്ഞ മൈതാനം മണ്ണിട്ടുയർത്തി തറയോട് പാകി മനോഹരമാക്കും. പദ്ധതി നടപ്പാക്കുന്നതോടെ ഓച്ചിറയുടെ മുഖച്ഛായ മാറും. ഓച്ചിറയിൽ എത്തുന്ന ഭക്തർക്കും യാത്രക്കാർക്കും കടകളിൽ ജോലി നോക്കുന്ന സ്ത്രീകൾക്കും ഓച്ചിറ ടൗണിലെ ഡ്രൈവർമാർക്കും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് ടേക്ക് എ ബ്രേക്ക് പദ്ധതി സഹായകരമാകുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.