കൊല്ലം ജില്ലയിൽ റോഡപകടങ്ങൾ വർധിക്കുന്നു
text_fieldsകൊല്ലം: ജില്ലയിൽ നിരത്തിൽ അതിദാരുണമായി ജീവൻ പൊലിയുന്നവരുടെ എണ്ണം വർധിക്കുന്നു. 2024 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 1406 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 94 പേർ മരിച്ചു. വ്യത്യസ്ത അപകടങ്ങളിലായി 1670 പേർക്കാണ് പരിക്കേറ്റത്.
റിപ്പോർട്ട് ചെയ്തതിൽ 1247 എണ്ണം വലിയ അപകടങ്ങളായിരുന്നു. 1302 പേരുടെ നില ഗുരുതരമായിരുന്നു. 304 പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുരുഷന്മാരാണ് അപകടങ്ങളിൽപ്പെടുന്നതിൽ ഏറെയും, 81 പേർ. 13 സ്ത്രീകളാണ് വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചത്.
അഞ്ച് ദിവസത്തിനിടെ 25 വയസ്സിൽ താഴെയുള്ള മൂന്നുപേർക്ക് വ്യത്യസ്ത അപകടങ്ങളിൽ ജീവൻ നഷ്ടമായി. കഴിഞ്ഞദിവസം കൊല്ലം നഗരത്തിൽ കടപ്പാക്കട പ്രതിഭ ജങ്ഷന് സമീപം സ്കൂട്ടറിൽ സഞ്ചരിച്ച ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താൽക്കാലിക പൂജാരി മരിച്ചു. അതേദിവസം കുന്നത്തൂർ നെടിയവിള ജങ്ഷനിൽ കാറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കുന്നത്തൂർ കടക്കിലഴികത്ത് ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങവേയാണ് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അമിതവേഗത്തിലെത്തിയ ബൈക്കുകൾ നിയന്ത്രണംവിട്ട് ലോറിയിൽ ഇടിച്ചുകയറി കൊട്ടാരക്കര സ്വദേശിയായ യുവാവ് മരിച്ചു.
ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. മോട്ടോർവാഹനവകുപ്പ് ജാഗ്രതാനിർദേശം നൽകുമ്പോഴും അപകടങ്ങൾ തുടർക്കഥയാവുകയാണ്. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയാണ് അപകടങ്ങളുണ്ടാകുന്നതിന്റെ പ്രധാനകാരണം. അതിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്.
വാഹനമോടിക്കുമ്പോൾ അമിതവേഗവും അപകടകരവും നിയമവിരുദ്ധവുമായ ഡ്രൈവിങ്ങാണ് ഇരുചക്ര വാഹനാപകടങ്ങളിൽ അധികവും. മഴക്കാലത്ത് റോഡുകളിൽ അതിശ്രദ്ധ വേണമെന്ന കാര്യംപോലും കണക്കിലെടുക്കാതെ ബസുകളുൾപ്പെടെ ചീറിപ്പായുന്നതും നിരത്തിലെ സ്ഥിരംകാഴ്ചയാണ്. സ്വകാര്യബസുകൾ നഗരത്തിൽ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഓവർടേക്ക് ചെയ്യുന്നതിലും ബസുകൾ നിർത്തി എടുക്കുന്നതിലുമൊന്നും നിരത്തിൽകൂടി പോകുന്ന മറ്റ് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ശ്രദ്ധിക്കാറില്ല. ചിന്നക്കട ബസ് ബേയിലേക്ക് ആളുകൾ നിൽക്കുന്നതിനിടയിലൂടെ അശ്രദ്ധമായി ഇരച്ചുകയറിയാണ് ബസുകൾ നിർത്തുന്നതും എടുക്കുന്നതും എന്ന പരാതിയുമുണ്ട്.
വീതികുറഞ്ഞ റോഡുകളിൽ പോലും അശ്രദ്ധമായ ഓവർടേക്കിങ് സ്ഥിരമാണ്. ഇത്തരം ബസുകൾക്ക് കടിഞ്ഞാണിടാൻ കർശന നടപടിയുണ്ടാകണം എന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.