കൊല്ലത്തും കനത്ത മഴ, പരക്കെനാശം, റോഡിൽ വൻ ഗർത്തം
text_fieldsകൊല്ലം: കനത്ത മഴയിൽ കൊല്ലം ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടവും ദുരിതവും. വെള്ളിയാഴ്ച രാത്രി മുതൽ ആരംഭിച്ച മഴ ശനിയാഴ്ച പുലർച്ചെയും ശക്തമായി തുടരുകയാണ്.
അഞ്ചൽ ആയൂർ റോഡിൽ കോഴിപാലത്തിന് സമീപം റോഡ് മുക്കാൽഭാഗവും ഇടിഞ്ഞ് താഴ്ന്ന് വലിയ ഗർത്തമായി. ഇവിടെ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. ഇൗ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
കൊല്ലം നഗരസഭ ഒാഫിസിന് മുന്നിൽ ഉൾപ്പെടെ നിരത്തുകൾ വെള്ളക്കെട്ടായി. വിവിധയിടങ്ങളിൽ ദേശീയപാതയോരങ്ങളിലും വൻവെള്ളക്കെട്ടുകൾ രൂപപ്പെട്ടു. താഴ്ന്നപ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. കിഴക്കൻ മേഖലയിലാണ് കൂടുതൽ ദുരിതം. മണ്ണിടിച്ചിലിൽ പല റോഡുകളിലും ഗതാഗതം തടസപ്പെട്ടു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകൾ കനത്ത ദുരിതത്തിലാണ്.
കല്ലട, അച്ചൻകോവിൽ ആറുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകൾ ശനിയാഴ്ച രാവിലെ 10 സെൻ്റി മീറ്റർ കൂടി ഉയർത്തി. ഇതോടെ ഷട്ടറുകൾ 80 സെൻ്റീമീറ്റർ വരെ ഉയർത്തിയിരിക്കുകയാണ്. മഴ ഇനിയും തുടർന്നാൽ ഷട്ടർ വീണ്ടും ഉയർത്താൻ സാധ്യതയുണ്ട്.
കരുനാഗപ്പള്ളി മേഖലയിൽ ക്ലാപ്പന, ഒാച്ചിറ പ്രദേശങ്ങളിൽ വെള്ളം കയറിയുള്ള ദുരിതം തുടരുകയാണ്. കുണ്ടറ ഇളമ്പള്ളൂരിൽ മഴയിൽ മതിൽ ഇടിഞ്ഞുവീടു. ഇൗ മേഖലയിലും വീടുകളിൽ വെള്ളം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.