ആർ.എസ്. ഉണ്ണിയുടെ കുടുംബവീട്ടിൽനിന്ന് ഫൗണ്ടേഷൻ സാധനങ്ങൾ മാറ്റി
text_fieldsകൊല്ലം: മുൻ മന്ത്രി ആർ.എസ്. ഉണ്ണിയുടെ ചെറുമക്കൾ അമൃത വി. ജയ്, അഞ്ജന ജയ് എന്നിവർക്കവകാശപ്പെട്ട കുടുംബവീട്ടിൽ നിന്ന് ഒഴിഞ്ഞ് ആർ.എസ്. ഉണ്ണി ഫൗണ്ടേഷൻ. ഒരാഴ്ച നീണ്ട വിവാദങ്ങൾക്കും നിയമനടപടികൾക്കും ഒടുവിലാണ് ഞായറാഴ്ച ഫൗണ്ടേഷന്റെ സാധനങ്ങൾ ഭാരവാഹികൾ സ്ഥലത്തുനിന്ന് മാറ്റിയത്.
സ്വത്ത് തട്ടാൻ ഫൗണ്ടേഷൻ ഭാരവാഹികൾ ശ്രമിക്കുന്നെന്ന പരാതിയുമായി അമൃതയും അഞ്ജനയും രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയത്.
എൻ.കെ. പ്രേമചന്ദ്രൻ എം.പി ചെയർമാനും കെ.പി. ഉണ്ണികൃഷ്ണൻ സെക്രട്ടറിയുമായ ഫൗണ്ടേഷന്റെ പേരിൽ അനധികൃതമായി വീട് കൈയേറിയതായാണ് പരാതി. താമസത്തിനെത്തിയ തങ്ങൾക്ക് നേരെ വധഭീഷണിയുണ്ടായെന്നും ജീവന് ഭീഷണിയുണ്ടെന്നും യുവതികൾ പരാതി നൽകിയതോടെ പൊലീസ് സംരക്ഷണവും നൽകിയിരുന്നു. തുടർന്ന്, എം.പിയെ ഉൾപ്പെടെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തിരുന്നു.
നഷ്ടപരിഹാരം നൽകണമെന്നുൾപ്പെടെ ഭാരവാഹികൾ ആദ്യം ആവശ്യപ്പെട്ടെങ്കിലും വിവാദവും കേസും പിടിമുറുക്കിയതോടെ സാധനങ്ങൾ മാറ്റാമെന്ന് സമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച ഒഴിയുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്ന്, പൊലീസ് കർശനമായി ഇടപെട്ടതോടെ ഞായറാഴ്ച ഉച്ചക്കുശേഷം സാധനങ്ങൾ പൂർണമായും ഫൗണ്ടേഷന്റേതായി വീട്ടിൽ സൂക്ഷിച്ച തടി ഉരുപ്പടികൾ, ജനൽപാളികൾ, ഫർണിച്ചർ, ഷിബു ബേബി ജോണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ എന്നിവയാണ് നീക്കിയത്. ശക്തികുളങ്ങര സി.ഐയുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
മേയര്‍ പ്രസന്ന ഏണസ്റ്റ്, അഖിലേന്ത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉൾപ്പെടെ നേതാക്കൾ വീട്ടിലെത്തി യുവതികൾക്ക് പിന്തുണ അറിയിച്ചു. കേസുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് അമൃതയും അഞ്ജനയും. ഇവിടേക്ക് താമസം മാറുന്നതിന് മുന്നോടിയായി തിങ്കളാഴ്ച വീട്ടുസാധനങ്ങളെത്തിക്കുമെന്നും അവർ വ്യക്തമാക്കി.
'ആർ.എസ്. ഉണ്ണിയുടെ ചെറുമക്കൾക്ക് സഹായമൊരുക്കും'
കൊല്ലം: സ്വത്ത് സംബന്ധിച്ച പരാതിയുന്നയിച്ച ആര്.എസ്. ഉണ്ണിയുടെ ചെറുമക്കള്‍ക്ക് സഹായവും സംരക്ഷണവും ഒരുക്കുമെന്ന് വനിതാ കമീഷൻ അംഗം ഷാഹിദ കമാൽ. ശക്തികുളങ്ങരയിലെ വീട്ടിലെത്തിയ അവർ, അമൃതയെയും അഞ്ജനയെയും കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഈ വീട്ടിലെ വിലാസത്തിൽ ആര്.എസ്. ഉണ്ണി ഫൗണ്ടേഷൻ രൂപവത്കരിച്ചതായും രജിസ്റ്റര്‍ ചെയ്തതായും രേഖകളില്ല. പെൺകുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാനുള്ള സംവിധാനമൊരുക്കാൻ പൊലീസിന് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും ഷാഹിദ കമാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.