പുലിയെ കണ്ടതായി അഭ്യൂഹം
text_fieldsശൂരനാട്: ശൂരനാട് വടക്ക് പെരുങ്കുളം ചേഞ്ചിറക്കുഴി ഭാഗത്ത് പുലിയെ കണ്ടതായ അഭ്യൂഹം ആശങ്ക സൃഷ്ടിച്ചു. ശനിയാഴ്ച രാത്രി 10ഓടെയാണ് പ്ലസ് ടു വിദ്യാർഥി വീട്ടുമുറ്റത്ത് പുലിയെപ്പോലെ തോന്നിക്കുന്ന ജീവിയെ കണ്ടത്. വീടിന് പുറത്തിറങ്ങിയ വിദ്യാർഥി, പൂച്ചയെ പിടിക്കാനായി പിന്നാലെ പാഞ്ഞ ജീവിയെ കണ്ട് നിലവിളിച്ച് വീടിനുള്ളിലേക്ക് ഓടി രക്ഷിതാക്കളെ വിവരം ധരിപ്പിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ശൂരനാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. തെരച്ചിലിൽ പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാട് കണ്ടതായ പ്രചാരണവും ആശങ്കക്കിടയാക്കി. ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചെങ്കിലും വനവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ ഭാഗത്ത് പുലി എത്തിപ്പെടാനുള്ള സാഹചര്യം ഇല്ലെന്നാണ് അധികൃതർ പറയുന്നത്.
ഇതിനിടെ ശൂരനാട് ചക്കുവള്ളിക്ക് സമീപം പുലിയിറങ്ങിയതായും ഇതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചു. ഇവിടെ കണ്ട പുലിയുടെ ചിത്രം എന്ന രീതിയിൽ ഇൻറർനെറ്റിൽനിന്നെടുത്ത ഒരു ഫോട്ടോയും ബൈക്കിൽ വരികയായിരുന്ന യുവാക്കൾ പുലിയെ കണ്ടെന്നും വ്യാപകമായി പ്രചരിച്ചു. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ശൂരനാട് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.