ശബരിപാത: യാത്ര അതികഠിനമാകും; മുന്നൊരുക്കങ്ങൾ ഉടൻ വേണമെന്ന്
text_fields
പുനലൂർ: ശബരിമല മണ്ഡല വ്രതാരംഭം അടുത്ത 16ന് ആരംഭിക്കാനിരിക്കെ, ശബരിപാത പൊട്ടിപ്പൊളിഞ്ഞ് ദുരിതക്കയത്തിൽ. തമിഴ്നാട് അടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ അയ്യപ്പന്മാർ വന്നുപോകുന്ന കിഴക്കൻ മേഖലയിലെ പ്രധാന പാതകളാണ് ഗതാഗത യോഗ്യമല്ലാതായിട്ടുള്ളത്. ഇതിൽ ചെങ്കോട്ട- പുനലൂർ ദേശീയപാത വലിയ കുഴപ്പമില്ലെങ്കിലും പുനലൂർ- പത്തനാപുരം-കോന്നി പാത, ചെങ്കോട്ട-അച്ചൻകോവിൽ-കോന്നി കാനനപാത എന്നിവയാണ് നാശത്തിലായത്.പുനലൂർ-കോന്നി പാത കെ.എസ്.ടി.പിയുടെ പുനലൂർ- മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയാക്കുന്നതിെൻറ ഭാഗമായി നവീകരണം നടക്കുകയാണ്.
ഇതുമൂലം നിലവിൽ, ഇതുവഴിയുള്ള ഗതാഗതം അതി ദുസ്സഹവും ഇരട്ടിയിലധികം സമയമെടുക്കുന്നതുമാണ്. ഇതിനൊപ്പം ശക്തമായ മഴ കൂടിയായപ്പോൾ പാതയുടെ അവസ്ഥ പരിതാപകരമായി. ഒരു കിലോമീറ്റർ ദൂരത്തിൽപ്പോലും പാത പൊളിയാത്തതില്ല. പാതയുടെ ഇരുവശവും കലുങ്കുകളും പാലങ്ങളും നിർമിക്കാൻ വലിയ കുഴികൾ എടുത്തിട്ടിരിക്കുകയാണ്.
മിക്കയിടത്തും പാതയുടെ പകുതിയോളം ഭാഗത്തും ഒരു വാഹനത്തിന് പോകാനുള്ള വീതിയേയുള്ളൂ. ഇതും പൂർണമായി ടാർ ഇളകി കുഴിയും വെള്ളക്കെട്ടിലുമാണ്. പുനലൂർ മുതൽ കോന്നി വരെയും ഇതാണ് അവസ്ഥ. കൂടാതെ, പാറയടക്കം നിർമാണ സാമഗ്രികളും യന്ത്രങ്ങളും പാതയിലുടനീളം അലക്ഷ്യമായി ഇട്ടിരിക്കുന്നതും അപകട ഭീഷണി ഉയർത്തുന്നു. ഈ പാതയിലൂടെയുള്ള യാത്ര ദുസ്സഹമായതിനാൽ മിക്കവരും പത്തനാപുരം-കാര്യറ, പുനലൂർ-കുന്നിക്കോട് പാതയിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇതിനിടയിലാണ് ശബരിമല സീസൺ വരുന്നത്. ഈ പാതയിൽ താൽക്കാലിക അറ്റകുറ്റപ്പണി പോലും വിജയിക്കില്ലെന്നിരിക്കെ, തീർഥാടകരുടെ യാത്ര കഠിനമാകും. സീസൺ അടുത്തിട്ടും ഇത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനത്തിലെത്താൻ അധികൃതർ ഇനിയും തയാറായിട്ടില്ല.
ചെങ്കോട്ടയിൽനിന്ന് അച്ചൻകോവിൽ വഴി കോന്നിയിലെത്താവുന്ന കാനനപാത വെള്ളപ്പൊക്കത്തിൽപലയിടത്തും തകർന്നിട്ടുണ്ട്. ഈ പാതയിൽ വളയത്തുള്ള ചപ്പാത്ത് തകർന്നതിനാൽ ഭാഗികമായാണ് ഇതുവഴിയുള്ള ഗതാഗതവും.
വിശ്രമകേന്ദ്രങ്ങളും ഇത്തവണ ഉപയോഗിക്കാനാകില്ല
കിഴക്കൻ മേഖല വഴിയുള്ള അയ്യപ്പന്മാർ പ്രാഥമിക കാര്യങ്ങൾക്കും വിശ്രമത്തിനും ഉപയോഗിക്കുന്ന സ്ഥലങ്ങളും ഇത്തവണ നാശത്തിൽ. പുനലൂർ ടി.ബി ജങ്ഷൻ പത്തനാപുരം പാതയിൽ മുക്കടവ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവർ വിശ്രമത്തിന് സ്ഥലം കണ്ടെത്തുന്നത്.
ഇതിൽ മുക്കടവിൽ പാതയുടെയും പുതിയ പാലത്തിെൻറയും നിർമാണം നടക്കുകയാണ്. ഇത് കാരണം ആറ്റുതീരത്ത് വാഹനങ്ങൾ നിർത്തിയിടാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ ഇത്തവണ കഴിയില്ല. പുനലൂർ ടി.ബി ജങ്ഷനിൽ ടൂറിസം വകുപ്പിെൻറ വിശ്രമകേന്ദ്രവും സ്നാനഘട്ടവും ആറ്റിൽനിന്ന് വെള്ളം കയറി ഉപയോഗിക്കാൻ കഴിയാത്ത നിലയിലായി. ഇനിയുള്ള ദിവസങ്ങളിൽ അറ്റകുറ്റപ്പണി ചെയ്താൽ മാത്രമേ ഇവിടെ ഭാഗികമായി ഉപയോഗിക്കാനാകൂ.
അയ്യപ്പ ക്ഷേത്രങ്ങൾ തീർഥാടകർക്ക് പ്രധാനം
കിഴക്കൻ മേഖലയിലുള്ള പ്രധാനമായ മൂന്ന് അയ്യപ്പ ക്ഷേത്രങ്ങളിലെ തീർഥാടനം കൂടി ഉദ്ദേശിച്ചാണ് ഇതര സംസ്ഥാനത്തുനിന്ന് ഭക്തർ പുനലൂർ വഴിയെത്തുന്നത്. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രങ്ങളാണിത്. ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതലാളുകൾ തീർഥാടനത്തിന് എത്തുന്നതാണ് ഈ ക്ഷേത്രങ്ങൾ. തമിഴ്നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ശബരിമലയിലെത്തുന്ന മിക്കവരും ഈ ക്ഷേത്രങ്ങളിലും സന്ദർശിക്കാറുണ്ട്. എന്നാൽ, ഇത്തവണ ഇവിടെയെത്തുന്നവർ പരമ്പരാഗത പാതയായ പുനലൂർ- പത്തനംതിട്ട പാത മാറി സഞ്ചരിക്കേണ്ടിവരും.
തീർഥാടകരെ വഴിതിരിച്ചുവിടുന്നത് അഭികാമ്യം
പുനലൂരിലെത്തുന്ന തീർഥാടകർക്ക് പത്തനാപുരം- കോന്നി പാതയിൽ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് വഴിതിരിച്ചുവിടുന്നതാണ് ഉചിതമായ നടപടി. പുനലൂർനിന്ന് കൊട്ടാരക്കര, അടൂർ വഴി പത്തനംതിട്ട വഴി ഉപയോഗിക്കലാണ് എളുപ്പമാർഗം. പത്തനാപുരം പാതയെക്കാൾ അധിക ദൂരമാണെങ്കിലും യാത്രക്ലേശവും അപകടവും ഒഴിവാക്കാൻ ഈ പാത സഹായിക്കും. എന്നാൽ, അധികൃതർ ഇക്കാര്യത്തിൽ മുൻകൂട്ടി തീരുമാനമെടുത്ത് പുനലൂരിൽ ഇതിന് വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.