ശബരിമല തീർഥാടനം: പരിശോധനക്ക് സംയുക്ത സ്ക്വാഡുകള്‍
text_fieldsകൊല്ലം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡ പാലനം, ഭക്ഷ്യ സുരക്ഷ, ഏകീകൃത വിലവിവരം, ശുചിത്വം എന്നിവ സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്ന് കലക്ടർ അറിയിച്ചു. വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്.
പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യവകുപ്പുകളുടെ സംയുക്ത സ്ക്വാഡുകളാണ് പരിശോധനകള്‍ നടത്തുക. ഇടത്താവളങ്ങളുള്ള പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പൊലീസിെൻറയും ഭക്ഷ്യസുരക്ഷ വകുപ്പിെൻറയും അനുമതി ആവശ്യമാണ്. ലീഗല്‍ മെട്രോളജി, ആരോഗ്യ-ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡ് ഭക്ഷ്യ നിലവാരവും വിലവിവരവും ഉറപ്പ് വരുത്തും.
പമ്പയിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസുകളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തിയാകും സര്‍വിസ് നടത്തുക. ആരോഗ്യവകുപ്പിെൻറ ആഭിമുഖ്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൊട്ടാരക്കര, പുനലൂര്‍, അച്ചന്‍കോവില്‍, ആര്യങ്കാവ് മേഖലകളില്‍ സജ്ജമാണെന്ന് ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.ആര്. സന്ധ്യ അറിയിച്ചു.
തീർഥാടനത്തിനിടക്ക് കോവിഡ് പോസിറ്റീവ് ആകുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇടവിട്ടുള്ള മൈക്ക് അനൗണ്‍സ്മെൻറ്, ബഹുഭാഷകളിലുള്ള മുന്നറിയിപ്പുകള്‍, ശൗചാലയങ്ങളിലും പൊതുഇടങ്ങളിലും ക്ലോറിനേഷന് എന്നിവക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആര്യങ്കാവ്, അച്ചന്‍കോവില്‍ അടക്കമുള്ള വനമേഖലയില്‍ മാലിന്യ നിക്ഷേപങ്ങളും വ്യാജമദ്യ വ്യാപനവും തടയുന്നതിന് റെയ്ഡുകളും പരിശോധനകളും ശക്തമാക്കും. ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍, ബഹുഭാഷകളില്‍ യാത്രാസൂചക ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവയും പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.