സുരക്ഷയാണ് മുഖ്യം; അപകടകരമായ മരങ്ങള്‍ മുറിക്കണം
text_fieldsകൊല്ലം: സ്കൂളുകള്‍ക്കും അംഗൻവാടികള്‍ക്കും സമീപം അപകടകരമായി നില്ക്കുന്ന മുഴുവന്‍ മരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് കലക്ടര്‍ അഫ്സാന പര്‍വീണ്‍. സ്കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട യോഗത്തിലാണ് നിര്‍ദേശം. ബന്ധപ്പെട്ട വകുപ്പ് ഏതാണോ അവരാണ് മരങ്ങള്‍ മുറിച്ചുമാറ്റേണ്ടത്. സ്വകാര്യ സ്കൂളുകള്‍ തയാറായില്ലെങ്കില്‍ പഞ്ചായത്ത് മുറിച്ചുമാറ്റുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യും.
കുട്ടികള്‍ ബസ് കാത്തുനില്ക്കുന്ന സ്ഥലങ്ങളിലും അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണം. സ്കൂളുകളിലും സമീപത്തുമുള്ള വൈദ്യുതി ലൈനുകള്‍ ഇന്‍സുലേറ്റഡ് ആണെന്ന് ഉറപ്പുവരുത്തും. മുഴുവന്‍ ലൈനുകളും പൊട്ടിവീഴാത്തതരത്തില് സ്പേസറുകള്‍ നല്‍കിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു. അംഗൻവാടികള്‍ ഒരു സാഹചര്യത്തിലും സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
ലഹരിവസ്തുക്കളുടെ ഉപഭോഗം തടയാനുള്ള കര്‍ശന പരിശോധന തുടരും. ലഹരി ഉപഭോഗത്തില്‍ ഹോട്ട് സ്പോട്ടുകളായി നിര്‍ണയിച്ച സ്ഥലങ്ങളിലെ സ്കൂളുകളില്‍ എക്സൈസ്, പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തും. ഓവര്‍ ബ്രിഡ്ജുള്ള സ്ഥലങ്ങളില്‍ അത് ഉപയോഗിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. എക്സൈസ്, കെ.എസ്.ഇ.ബി, മോട്ടോര്‍ വാഹനം, വിദ്യാഭ്യാസം, എല്‍.എസ്.ജി.ഡി തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.