ശമ്പളമില്ല; ജവഹർ ബാലഭവൻ ജീവനക്കാർ ദുരിതത്തിൽ
text_fieldsകൊല്ലം: ജവഹർ ബാലഭവനിലെ അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം ലഭിക്കാതായിട്ട് ആറു മാസം. സ്റ്റാഫ് യൂനിയൻ നിരവധി നിവേദനം മുഖ്യമന്ത്രി, ധനമന്ത്രി, സാംസ്കാരിക മന്ത്രി എന്നിവർക്ക് സമർപ്പിച്ചിട്ടും നടപടിയുണ്ടായില്ല.
ചെയർമാൻ ഉൾപ്പെടെ അഞ്ച് ഗവ. നോമിനികൾ ഉൾപ്പെടുന്ന ബാലഭവനിലെ മാനേജിങ് കമ്മറ്റിയുടെ കലാവധി കഴിഞ്ഞതുകൊണ്ട് അവരും വേണ്ടത്ര ആത്മാർഥത കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സാംസ്കാരിക വകുപ്പിന് കീഴിലെ ജവഹർ ബാലഭവനുകളിലെ ശമ്പളം പ്രതിവർഷം മൂന്ന് ഗഡുക്കളായാണ് അനുവദിക്കുക. വർഷങ്ങളായി ശമ്പളവിതരണത്തിന് ഫണ്ട് തികയാറില്ല.
2017ൽ ജീവനക്കാരുടെ ശമ്പളപരിഷ്കരണം വന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. വർധിപ്പിച്ച തുക ബജറ്റിൽ വകയിരുത്താത്തതാണ് കാരണം. പ്രതിവർഷം ഒന്നരകോടി രൂപ ബജറ്റിൽ വകയിരുത്തിയാൽ മാത്രമെ ശമ്പളപരിഷ്കരണം മൂലമുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ കഴിയു.
കൊല്ലം ജവഹർ ബാലഭവനിൽ വിവിധ കലാവിഷയങ്ങളിലായി അധ്യാപകരും മറ്റ് ജീവനക്കാരുമടക്കം 25 പേരാണുള്ളത്. ഇരുനൂറ്റി അമ്പതിലധികം വിദ്യാർഥികളാണ് കലാപഠനത്തിനായി എത്തുന്നത്. ശമ്പളം മുടങ്ങുന്നത് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ എം. നൗഷാദ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു.
അന്ന് സാംസ്കാരിക മന്ത്രിയായിരുന്ന സജി ചെറിയാൻ ബജറ്റിൽ തുക വകയിരുത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഒരു വർഷം പിന്നിടുമ്പോഴും ശമ്പളവിതരണത്തിൽ വ്യക്തതയില്ലാതെ വലയുകയാണ് ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.