അഞ്ചുമാസത്തിനുശേഷം സാമ്പ്രാണിക്കോടി തുറക്കുന്നു; 20 മുതൽ പ്രവേശനം
text_fieldsഅഞ്ചാലുംമൂട്: അഞ്ചുമാസത്തെ സഞ്ചാരവിലക്കിനുശേഷം സാമ്പ്രാണിക്കോടിതുരുത്ത് 20ന് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും. ഇതിനുള്ള അവസാനവട്ട ഒരുക്കം നടന്നുവരുകയാണെന്ന് ഡി.ടി.പി.സി അധികൃതര്‍ പറഞ്ഞു.
കര്‍ശന നിയന്ത്രണങ്ങളോടെയും നിബന്ധനകളോടെയുമാണ് സാമ്പ്രാണിക്കോടി തുറക്കാന്‍ ഒരുങ്ങുന്നത്. 80 ശതമാനം ഓണ്‍ലൈന്‍ടിക്കറ്റ് സംവിധാനം വഴിയായിരിക്കും പ്രവേശനം. 20 ശതമാനം മാത്രമേ ഓഫ്ലൈനായി ടിക്കറ്റ് ഉണ്ടാകൂ.
തുരുത്തില് കച്ചവടത്തിന് പോയ വീട്ടമ്മ വള്ളം മറിഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ജൂലൈ ഒമ്പതുമുതലാണ് സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. തുരുത്ത് ഇനി മുതല്‍ ഡി.ടി.പി.സിയുടെ പൂര്‍ണനിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
ബോട്ടുകള്‍ക്ക് രജിസ്ട്രേഷന് എടുക്കുന്നതിനുള്ള നടപടികള്‍ നടക്കുകയാണ്. മൂന്ന് പ്രധാന സ്ഥലങ്ങളില്‍നിന്ന് സാമ്പ്രാണിക്കോടിയിലേക്ക് ബോട്ടുകളില്‍ ആളെ എത്തിക്കുന്ന തരത്തിലാണ് ക്രമീകരണം. പ്രാക്കുളത്തിന് പുറമേ, കുരീപ്പുഴ ബോട്ട്ജെട്ടി, മണ്‍റോതുരുത്ത് എന്നിവിടങ്ങളില്‍നിന്നും ബോട്ട് സര്‍വിസുകള്‍ ഉണ്ടാകും. സാമ്പ്രാണിക്കോടിയിലെത്തിയാല് 50 മിനിറ്റ്് മാത്രമേ ഒരാള്‍ക്ക് തുരുത്തില് ചെലവഴിക്കാന്‍ സാധിക്കൂ. ഇവര്‍ കൃത്യസമയത്ത് മടങ്ങിപ്പോകുന്നുണ്ടോ എന്നറിയാന്‍ ഡി.ടി.പി.സി. അധികൃതരും പൊലീസും പരിശോധന നടത്തും. ടിക്കറ്റിന് പരിമിതമായ നിരക്കായിരിക്കും ഈടാക്കുകയെന്നും ഡി.ടി.പി.സി അധികൃതര്‍ വൃക്തമാക്കി.
തൃക്കരുവ പഞ്ചായത്തിന്റെമേല്നോട്ടത്തിലാണ് വാഹനപാര്‍ക്കിങ്ങിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതിദിനം 1000 മുതല്‍ 3000 വരെ സഞ്ചാരികളെത്തിയിരുന്ന ഇവിടെ അവധി ദിവസങ്ങളില്‍ എണ്ണം 5000ത്തിലധികം കടക്കുമായിരുന്നു. അഷ്ടമുടിക്കായലിന്റെ ഒത്തനടുക്ക് മുട്ടൊപ്പം വെള്ളത്തില്‍ സഞ്ചരിക്കാമെന്നതായിരുന്നു സാമ്പ്രാണിക്കോടി തുരുത്തിന്റെ പ്രത്യേകത.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയജലപാതക്ക് ആഴംകൂട്ടിയപ്പോള് അടിഞ്ഞ മണ്ണും എക്കലും പിന്നീട് തുരുത്തായി മാറുകയായിരുന്നു.
അഞ്ചിനം കണ്ടല്‍ച്ചെടികള്‍ ഉയരത്തില്‍ വളര്‍ന്നതും സഞ്ചാരികള്‍ക്ക് ഇഷ്ടക്കാഴ്ചയായി മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.