വാഹനമിടിച്ച് 10 വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ 18കാരൻ അറസ്റ്റിൽ
text_fieldsശാസ്താംകോട്ട: കാരാളിമുക്കിൽ സ്കൂൾവിദ്യാർഥിയെ ഇരുചക്രവാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത് 18 വയസ്സുകാരൻ. ജ്യേഷ്ഠന്റെ ബൈക്ക് ഉപയോഗിച്ച പ്രതിക്ക് വാഹനമോടിക്കാൻ ലൈസൻസില്ലെന്നും പൊലീസ് കണ്ടെത്തി. അരിനല്ലൂർ കോവൂർ പരിശവിള പടിഞ്ഞാറ്റതിൽ ബാസ്ലിൻ ബ്രിട്ടോ ആണ് അറസ്റ്റിലായത്. കോതപുരം എസ്.എൻ സെൻട്രൽ സ്കൂളിലെ വിദ്യാർഥി പടിഞ്ഞാറെ കല്ലട കാരാളിമുക്ക് നെടുമ്പ്രത്ത് തെക്കതിൽ അനിൽകുമാറിന്റെയും അംബികയുടെയും മകൻ പത്തുവയസ്സുകാരനായ അഭിരാമാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം.
എ.ഐ കാമറയിൽ കുടുങ്ങാതിരിക്കാൻ പ്രതി ഇടറോഡ് വഴി നടത്തിയ യാത്രയിലാണ് കാരാളിമുക്ക് ഓവർബ്രിഡ്ജിന് സമീപം നടന്നുപോകുകയായിരുന്ന കുട്ടിയെ ഇടിച്ചിട്ടത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടശേഷം നിർത്താതെ കടന്നുകളഞ്ഞ ബൈക്ക് യാത്രികനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദ ചോദ്യംചെയ്യലിലാണ് പ്രതിക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന് വ്യക്തമായത്. ബൈക്ക് ജ്യേഷ്ഠൻ ബിനോയിയുടെ പേരിലുള്ളതാണ്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.