ശാസ്താംകോട്ട തടാകത്തിൽ നിന്നെടുക്കുന്നത് പ്രതിദിനം 3.5 കോടി ലിറ്റര്‍ ജലം
text_fieldsശാസ്താംകോട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ദൗർലഭ്യതക്ക് പരിഹാരമായി ശുദ്ധജലതടാകമായ ശാസ്താംകോട്ട തടാകത്തിൽ നിന്ന് ദിനംപ്രതി ഊറ്റിയെടുക്കുന്നത് 3.5 കോടി ലിറ്റർ(35 എം.എല്‍.ഡി) വെള്ളം. കൊല്ലം കോർപറേഷൻ പരിധിയിലേക്ക് ഉൾപ്പെടെ കുടിവെള്ളം എത്തിക്കുന്നതിന് ജല അതോറിറ്റി തടാകത്തിൽ നിന്ന് എടുക്കുന്ന ജലത്തിന്റെ കണക്കാണിത്.
തടാകത്തില്‍ നിന്നും എടുക്കുന്ന ജലത്തിന്റെ അളവ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാന വെറ്റ് ലാന്‍ഡ് അതോറിറ്റി അധികൃതര്‍ ജല അതോറിറ്റിക്ക് നൽകിയ കത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ തടാക ജലനിരപ്പ് 41 സെ.മി. മാത്രമാണെന്നും മറുപടിയിലുണ്ട്. തടാകത്തിലെ വരള്‍ച്ച രൂക്ഷമായതിനാല്‍ പ്രതിദിനം എടുക്കുന്ന ജലത്തിന്റെ അളവ്, കാലാകാലമായി എടുക്കുന്ന ജലത്തിന്റെ അളവ് എന്നിവ ശേഖരിച്ച് ജലോപഭോഗം കുറക്കുന്നതുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍ രൂപീകരിക്കുന്നതിനാണ് വെറ്റ് ലാൻഡ് അതോറിറ്റി കണക്ക് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
തടാകത്തില്‍ വരള്‍ച്ച ബാധിച്ച സ്ഥലങ്ങള്‍ വെറ്റ് ലാന്‍ഡ് അതോറിറ്റി എന്‍വയണ്‍മെന്റ് പ്രോഗ്രാം മാനേജര്‍ ജോണ്‍ സി. മാത്യുവിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ജലത്തിന്റെ അമിതമായ വലിച്ചെടുക്കല്‍ തടാകത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ആക്ഷേപമുന്നയിച്ചിട്ടുണ്ട്.
രൂക്ഷമായ വരള്‍ച്ച തടാകം നേരിടുന്ന സാഹചര്യത്തിലും ജലമൂറ്റുന്നത് തുടരുകയാണ്. തടാക ജല ചൂഷണത്തിന് പരിഹാരമായി, കൊല്ലം കോർപറേഷനിലേക്കും വിവിധ പഞ്ചായത്തുകളിലേക്കും ജലം എത്തിക്കുന്നതിന് ബദൽ പദ്ധതിയായി വിഭാവനംചെയ്ത ഞാങ്കടവ് പദ്ധതി പൂര്‍ത്തിയാക്കി കമ്മീഷന് ചെയ്യാത്തത് പിടിപ്പുകേടാണെന്ന് തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.