ആനയടി പാലത്തിൽ അപകടം പതിയിരിക്കുന്നു
text_fieldsശാസ്താംകോട്ട: കൊല്ലം-തേനി ദേശീയപാതയിൽ ശൂരനാട് വടക്ക് ആനയടി പാലത്തിൽ അപകടം പതിവാകുന്നു. പള്ളിക്കലാറിന് കുറുകെ നിർമിച്ച പാലത്തിനോട് ചേർന്നുള്ള കൊടുംവളവാണ് അപകടങ്ങൾ വിളിച്ചുവരുത്തുന്നത്. താമരക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ കൊടുംവളവിലെത്തുമ്പോൾ ദിശ മാറുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
ചക്കുവള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വേഗം കുറച്ചുപോയാലും എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് അടിയിൽപെടുന്നത് പതിവാണ്. കൊടുംവളവും റോഡിന്റെ ഏറ്റക്കുറച്ചിലും അശാസ്ത്രീയമായ നിർമാണവും വാഹനങ്ങളുടെ അമിത വേഗവുമാണ് ഇതിനുകാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. വിദ്യാർഥികളുടെ ഉൾപ്പെടെ നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്.
പാലത്തിന്റെ ഇരുകൈവരികളിലും സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് നെറ്റുകളിലും വാഹനങ്ങൾ പാഞ്ഞുകയറി അപകടം സംഭവിച്ചിട്ടുണ്ട്. ഇതിനാൽ ഇരുമ്പ് നെറ്റ് പലഭാഗത്തും തകർച്ചയിലായിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആനയടി പാലത്തിലെ കൊടുംവളവിൽ മാത്രം നൂറോളം അപകടങ്ങളാണുണ്ടായത്.
പഴയപാലത്തിലുണ്ടായിരുന്ന വളവുകൾ നീക്കി പുതിയപാലം നിർമിക്കണമെന്ന് തീരുമാനമുണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. റോഡിന്റെ താഴ്ചയും വളവും കാരണം എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പരസ്പരം കാണാൻ കഴിയില്ല. പാലത്തിലേക്ക് കയറുമ്പോൾ മാത്രമാണ് വാഹനങ്ങൾ കാണുന്നത്. ഇതും അപകട സാധ്യത വർധിപ്പിക്കുന്നു.
ആനയടി പാലത്തിലൂടെയുള്ള റോഡ് ദേശീയപാതയായി ഉയർത്തിയതോടെ വാഹന തിരക്കും വർധിച്ചിട്ടുണ്ട്. എന്നാൽ, ദേശീയപാത നിലവാരത്തിൽ റോഡും അനുബന്ധ കാര്യങ്ങളും വികസിക്കാത്തതാണ് ആനയടിക്ക് ശാപമായിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.