കാരാളിമുക്കിനെ വെടിപ്പാക്കാൻ അബ്ദുൽ റഹിമാന്റെ യജ്ഞം
text_fieldsശാസ്താംകോട്ട: വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ കാരാളിമുക്കിനെ സൗദി അറേബ്യ പോലെയാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് 72 കാരനായ കണത്താർകുന്നം പാട്ടുപുരവടക്കതിൽ അബ്ദുൽ റഹിമാൻ. കാരാളിമുക്കിലുള്ള രണ്ട് റെയിൽവേ മേൽപ്പാലങ്ങളുടെ മുകളിലും ഇതിനോടനുബന്ധിച്ചുള്ള വഴികളിലും കാടുപിടിച്ചും മാലിന്യം കുന്നുകൂടിയും കിടന്ന സ്ഥലങ്ങൾ വൃത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോൾ ഇദ്ദേഹം. കടപുഴ ഭാഗത്തേക്കുള്ള പാലം വൃത്തിയാക്കി കഴിഞ്ഞു.
ഇപ്പോൾ ശാസ്താംകോട്ട ഭാഗത്തേക്കുള്ള പാലം വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്. വെറുതേ കാടുകൾ വെട്ടിപ്പോവുകയല്ല, ഈ ഭാഗത്തുള്ള പുല്ലുവരെ ചെത്തി, യാത്രക്ക് അസൗകര്യമായി പാലത്തിൽ കിടക്കുന്ന മൺകൂനകൾവരെ അവിടെനിന്ന് മാറ്റിയാണ് വൃത്തിയാക്കുന്നത്.
37 വർഷം സൗദിയിലെ റോഡുകളും പാർക്കുകളും ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും ചെടികളും മറ്റും വെച്ച് പിടിപ്പിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. രണ്ട് മാസം മുമ്പാണ് നാട്ടിൽ വന്നത്. കാരാളിമുക്കിലെ രണ്ട് പാലങ്ങളുടെയും കാട് മൂടിക്കിടക്കുന്ന അവസ്ഥ കണ്ട് ഇത് വൃത്തിയാക്കാൻ സ്വയം സന്നദ്ധനായി ഇറങ്ങുകയായിരുന്നു.
കാരാളിമുക്ക് ജുമാമസ്ജിദിലെ നമസ്കാരത്തിന് ശേഷം സമയം പോലെയാണ് വൃത്തിയാക്കൽ നടക്കുന്നത്. ഇപ്പോഴത്തെ പ്രവൃത്തി തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടുണ്ട്. തിരക്കേറിയ റോഡിൽ ഇദ്ദേഹം ചെയ്യുന്ന പ്രവർത്തനം കണ്ടിട്ട് പലരും അഭിനന്ദനവുമായി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരാൾ കൂടി സ്വയം സന്നദ്ധനായി ഇദ്ദേഹത്തോടൊപ്പം ചേർന്നിരുന്നു.
വൃത്തിയാക്കുന്ന ഭാഗങ്ങളിൽ ചെടികളും മറ്റും വെച്ചുപിടിപ്പിക്കാനും ലക്ഷ്യമിടുന്നു. പാലങ്ങൾ വൃത്തിയാക്കിക്കഴിഞ്ഞാൽ ഏറെ വൃത്തിഹീനമായി കിടക്കുന്ന കാരാളിമുക്ക് ജങ്ഷനും പരിസര പ്രദേശങ്ങളും വൃത്തിയാക്കാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം. ജമീലാബീവിയാണ് ഭാര്യ. ആറ് മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.