ശാസ്താംകോട്ട തടാകക്കരയിലെ അക്കേഷ്യ നിർമാർജനത്തിന് തുടക്കം
text_fieldsശാസ്താംകോട്ട: വർഷങ്ങളുടെ മുറവിളിക്കുശേഷം ശാസ്താംകോട്ട ശുദ്ധജലതടാകതീരത്തെ ആയിരക്കണക്കിന് അക്കേഷ്യ തൈകൾ വേരോടെ പിഴുതുമാറ്റി അക്കേഷ്യ നിർമാർജനത്തിന് തുടക്കം. ജലം അമിതമായി വലിച്ചെടുക്കുന്ന ഇവ തടാകത്തിന് ഭീഷണിയാണ്. പല ഭാഗങ്ങളിലും അക്കേഷ്യ കാടുകൾ തന്നെ രൂപംകൊണ്ടനിലയിലാണ്.
2015ൽ ആണ് 4800 മരങ്ങൾ മുറിച്ചു മാറ്റാൻ ലേലം നൽകിയത്. അതിനുശേഷം പതിനായിരക്കണക്കിന് മരങ്ങൾ ഇവിടെ വളർന്നു കഴിഞ്ഞു. നമ്മുടെ കായൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ കെ.എസ്.എം.ഡി.ബി കോളജ് എൻ.സി.സി യൂനിറ്റുമായി ചേർന്നാണ് അക്കേഷ്യ തൈകൾ നീക്കിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു.
തീരത്തെ അക്കേഷ്യ മരങ്ങളും തൈകളും നീക്കം ചെയ്തശേഷം അവിടങ്ങളിൽ മാവ്, പ്ലാവ്, ഫലവൃക്ഷതൈകൾ, ഔഷധ സസ്യങ്ങൾ എന്നിവ നട്ടു പിടിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. എൻ.സി.സി ഓഫിസർ ഡോ. ടി. മധു, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ നിയാസ്, കായൽ കൂട്ടായ്മപ്രവർത്തകർ സിനു, ബിനു, അജിത കുമാർ, ഷേണായി എന്നിവർ സംസാരിച്ചു.
തടാകപരിധിയില്‍ ഖനന നിരോധനം
കൊല്ലം: ശുദ്ധജലസ്രോതസായ ശാസ്താംകോട്ട തടാകം സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യം കണക്കിലെടുത്ത് തടാകപ്രദേശത്ത് ഖനനവും അനധികൃത-നിയമലംഘനപ്രവര്‍ത്തനങ്ങളും നിരോധിച്ചതായി കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. നാല് മാസത്തേക്കാണ് നിരോധനം. പ്രദേശത്തെ ഖനനവും മണലൂറ്റും തടാകം മലിനപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും നിരോധനത്തിന്റെ പരിധിയില്‍പ്പെടും. ശാസ്താംകോട്ട പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 12,19 വാര്‍ഡുകളും പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലുമാണ് നിരോധനം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അറിയിപ്പിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.