ക്ഷേത്രത്തിനു നേരെ ആക്രമണം; ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
text_fieldsശാസ്താംകോട്ട: ക്ഷേത്രത്തിനു നേരെ ആക്രമണം നടത്തിയ കേസിൽ ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. മണപ്പള്ളി പാവുമ്പ പനങ്ങാട്ട് ജങ്ഷനിൽ രഞ്ജിത്ത് ഭവനത്തിൽ രഞ്ജിത്ത് (33), മൈനാഗപ്പള്ളി ചെറുകര കിഴക്കതിൽ വിഷ്ണു (25), മണപ്പള്ളി പാവുമ്പ യക്ഷിപ്പള്ളിൽ പുത്തൻ വീട്ടിൽ അമീൻ (27), തഴവ കുറ്റിപ്പുറം കൊക്കാട്ടേത്ത് കിഴക്കതിൽ ഷെറിൻ ഷാ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഡി.വൈ.എഫ്.ഐ പാവുമ്പ മേഖല പ്രസിഡന്റാണ് ഒന്നാം പ്രതിയായ രഞ്ജിത്ത്. ശൂരനാട് വടക്ക് മലയടിക്കുറ്റി പുതുശേരി മുകൾ മലനട ക്ഷേത്രത്തിനു നേരെ കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്ന് ഓഫിസിന്റെ ജനൽ ഗ്ലാസുകളും കൽവിളക്കുകളും മേശയും കസേരകളും ഉൾപ്പെടെ അടിച്ചു തകർക്കുകയായിരുന്നു എന്നാണ് കേസ്. ശബ്ദംകേട്ട് പരിസരവാസികൾ എത്തുന്നത് കണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു.
ഒളിവിൽ പോയ പ്രതികളെ പൊലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിൽ ചാരുംമൂട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നാണ് പിടികൂടിയത്. കുടിപ്പകയാണ് ആക്രമണകാരണമെന്ന് പൊലീസ് പറഞ്ഞു.
ശാസ്താംകോട്ട ഡിവൈ.എസ് പി എസ്. ഷെരീഫിന്റെ നിർദേശപ്രകാരം ശൂരനാട് സി.ഐ ജോസഫ് ലിയോൺ, ശാസ്താംകോട്ട എസ്.ഐ ഷാനവാസ്, ജി.എസ്.ഐ ശ്രീകുമാർ, ശൂരനാട് സ്റ്റേഷനിലെ രാജേഷ്, ധനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.