വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: സംഭവം അടിസ്ഥാനരഹിതമെന്ന് പൊലീസ്
text_fieldsശാസ്താംകോട്ട: മൈനാഗപ്പള്ളി ആറ്റുപുറം ഭാഗത്തുനിന്ന് സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായ സംഭവം അടിസ്ഥാനരഹിതമെന്ന് പൊലീസ് അറിയിച്ചു. ' തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് വാർത്ത പ്രചരിച്ചത്. ചിത്തിര വിലാസം സ്കൂളിലെ രണ്ടു വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്നായിരുന്നു പ്രചാരണം. സ്കൂൾ ബസ് തകരാറിലായതിനാൽ കാറിലെത്തിയവർ വിദ്യാർഥികളോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, കയറിയില്ല. കാറിൽ ഒരു സ്ത്രീയും പുരുഷനും ഒരു കുട്ടിയുമാണുണ്ടായിരുന്നത്. സമീപത്തെ വീട്ടിലെ സി.സി.ടിവി ദൃശ്യങ്ങളിൽനിന്ന് കാറിന്റെ നമ്പർ ലഭിച്ചിരുന്നു. തുടർന്ന് ശാസ്താംകോട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്.
കുട്ടികളുടെ അയൽവാസിയാണ് കാറിലുണ്ടായിരുന്നത്. മറ്റൊരു സ്ഥലത്ത് താമസിക്കുന്ന ഇവരും ഭർത്താവും കുട്ടിയും കുടുംബവീട്ടിലെത്തിയ ശേഷം മടങ്ങുന്നതിനിടെ, വഴിയരികിൽ നിൽക്കുന്ന വിദ്യാർഥികളെ കാണുകയും പരിചയമുള്ളതിനാൽ സ്കൂളിലേക്കെത്തിക്കാമെന്ന് പറയുകയുമായിരുന്നു.
കാർ ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് ദീർഘനാളായി ഇതരസംസ്ഥാനത്ത് ജോലി ചെയ്യുന്നതിനാൽ ഹിന്ദി കലർന്ന മലയാളത്തിലാണ് സംസാരിച്ചത്. ഇതാണ് വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ നമ്പർ അടക്കം സാമൂഹികമാധ്യമത്തിൽ പ്രചരിച്ചതോടെ ഇവർ ചൊവ്വാഴ്ച രാവിലെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവം വിശദീകരിക്കുകയായിരുന്നു. ഇതിനാൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.