ചളിക്കളമായി ഭരണിക്കാവ് ബസ് സ്റ്റാൻഡ്
text_fieldsശാസ്താംകോട്ട: കനത്ത മഴയിൽ ഭരണിക്കാവ് ബസ് സ്റ്റാൻഡ് വെള്ളക്കെട്ടായി. സ്റ്റാൻഡിലേക്കുള്ള റോഡ് തകർന്ന് കുഴി രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതായി. സ്റ്റാൻഡ് പ്രവർത്തിക്കുന്നില്ലെങ്കിലും ഭരണിക്കാവിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകൾ പാർക്ക് ചെയ്യുന്നത് ഇവിടെയാണ്.
ഭരണിക്കാവ് ജങ്ഷനെ ഒഴിവാക്കി കൊട്ടാരക്കര, ചക്കുവള്ളി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഇവിടം തകർന്ന് കിടക്കുന്നത് ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നുണ്ട്.
ഭരണിക്കാവ് ജങ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്താണ് വർഷങ്ങൾക്ക് മുമ്പ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചത്. രണ്ടോ മൂന്നോ മാസം പ്രവർത്തിച്ച ശേഷം ഇത് നിന്നു പോവുകയായിരുന്നു. 2020 ജനുവരിയിലാണ് ഏറ്റവും ഒടുവിൽ സ്റ്റാൻറ് പ്രവർത്തനം പുനരാരംഭിച്ചത്. പതിവുപോലെ രണ്ടോ മൂന്നോ മാസത്തിനുശേഷം നിലച്ചു. ബസും യാത്രക്കാരും സ്റ്റാൻഡിൽ കയറായതോടെയാണ് സ്റ്റാൻഡ് പ്രവർത്തനം നിലച്ചത്.
സ്റ്റാൻഡ് പ്രവർത്തിപ്പിക്കാൻ പൊലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും താൽപര്യം കാണിക്കാറുമില്ല. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഓഗസ്റ്റിൽ സ്റ്റാൻഡ് പ്രവർത്തിപ്പിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചെങ്കിലും പ്രതിഷേധവുമായി വ്യാപാരി വ്യവസായികളെത്തിയതോടെ തീരുമാനം പിന്നെയും നീട്ടിവെച്ചു.
സ്റ്റാൻഡിൽ അറ്റകുറ്റപ്പണികൾ നടത്താമെന്ന് അന്ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. വെള്ളക്കെട്ടിനോടൊപ്പം മാലിന്യ കൂമ്പാരവും സാമൂഹിക വിരുദ്ധശല്യവും രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.