ബൈക്കുകളുടെ മത്സരയോട്ടം ജീവന് ഭീഷണി
text_fieldsശാസ്താംകോട്ട: ഭരണിക്കാവ് മേഖലയിൽ ബൈക്കുകളുടെ മത്സരയോട്ടം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. മത്സരയോട്ടം കാരണം നിരവധി അപകടങ്ങളാണ് മേഖലയിൽ നടക്കുന്നത്. ബുധനാഴ്ച ഭരണിക്കാവ്-കടപുഴ റോഡിൽ പെട്രോൾ പമ്പിന് സമീപം നടന്ന അപകടമാണ് ഏറ്റവും പുതിയത്. ഒരാഴ്ച മുമ്പ് ഭരണിക്കാവിന് തെക്ക് ഭാഗത്ത് രണ്ട് യുവാക്കൾ തമ്മിൽ സ്കൂട്ടറിൽ മത്സരഓട്ടം നടത്തുകയും ഇത് അപകടത്തിൽപ്പെടുകയും ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ബൈക്കിൽ മത്സരയോട്ടം നടത്തിയ യുവാക്കൾ അപകടം സൃഷ്ടിക്കുകയും ഇതിൽ ഒരു ബൈക്ക് വഴിയാത്രക്കാരന്റെ സ്കൂട്ടറിൽ ഇടിക്കുകയും സ്കൂട്ടർ തെറിച്ച് മറ്റൊരു പിക്കപ് വാനിൽ ഇടിച്ചുമാണ് നിന്നത്. സ്കൂട്ടർയാത്രക്കാരന് പരിക്കേറ്റു. ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു.
ഭരണിക്കാവിന് സമീപം പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ് ഈ മേഖലയിൽ അപകടകരമായി ബൈക്കുകൾ ഓടിക്കുന്നത് എന്നാണ് പരാതി. ഒരു ബൈക്കിൽതന്നെ യുവതികൾ അടക്കം മൂന്നും നാലും പേർ കയറിയും മത്സര ഓട്ടം നടത്തുന്നതായി നാട്ടുകാർ പറയുന്നു. മുതുപിലാക്കാട് ഗവ. എൽ.പി സ്കൂളിന് മുന്നിൽ അടക്കം ഇത്തരത്തിൽ നിരവധി തവണ അപകടം ഉണ്ടായിട്ടുണ്ട്. പലപ്പോഴും അപകടം പൊലീസ് അറിയുകയോ കേസ് ഇല്ലാതെ പോവുകയോ ആണ് പതിവ്. ഈ മേഖലയിൽ പൊലീസ് പരിശോധന കാര്യക്ഷമമെല്ലന്നും പരാതിയുണ്ട്. യുവാക്കളുടെ മത്സരയോട്ടത്തിനെതിരെ പ്രദേശവാസികളിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.