ഉദ്യോഗസ്ഥ വീഴ്ച: കെട്ടിട നമ്പർ ലഭിക്കുന്നില്ല; പ്രവാസി വ്യവസായികൾ കുരുക്കിൽ
text_fieldsശാസ്താംകോട്ട: പ്രവാസി സഹോദരങ്ങൾ ശാസ്താംകോട്ട ഭരണിക്കാവിൽ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ നൽകുന്നില്ലെന്ന് പരാതി. പോരുവഴി ചരുവിള വീട്ടിൽ അനീഷ്, അൻസർ, അനസ് എന്നിവരാണ് പഞ്ചായത്ത് നൽകിയ പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ് കടപുഴ റോഡിന്റെ വശത്തായി മൂന്ന് നിലകളിലായി കെട്ടിടം നിർമിച്ചത്. പെർമിറ്റ് അനുവദിക്കുന്ന സമയത്ത് ചെറിയ ചട്ടലംഘനം നിലനിന്നിരുന്നെങ്കിലും അസി. എൻജിനീയർ അനുമതി നൽകുകയും കെട്ടിടം നിർമിക്കുകയും ചെയ്തു. പെർമിറ്റ് നൽകിയ അസി. എൻജിനീയർ തന്നെ പിന്നീട് നിർമാണം പൂർത്തീകരിച്ചപ്പോൾ ചട്ടലംഘനം നടന്നതായി റിപ്പോർട്ട് ചെയ്ത് കെട്ടിട നമ്പർ നിഷേധിക്കുകയായിരുന്നുവെന്നാണ് പരാതി. നമ്പർ ലഭിക്കുന്നതിന് രണ്ട് മാസം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ കയറിയിറങ്ങിയെങ്കിലും അനുകൂല സമീപനം ഉണ്ടായില്ല. തുടർന്ന് ഉടമകൾ മന്ത്രി എം.ബി. രാജേഷിന് പരാതി നൽകി. പരാതി വിജിലൻസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അനുമതിയിൽനിന്ന് വ്യതിചലിക്കാതെയാണ് കെട്ടിടം നിർമിച്ചിട്ടുള്ളതെന്നും കാര്യമായ ചട്ട ലംഘനം നടന്നിട്ടില്ലെന്നും കണ്ടെത്തി. പരിശോധന നടത്താതെ അനുമതി നൽകിയ അസി. എൻജിനീയർ, അനുമതിക്കായി പ്ലാൻ വരച്ചുനൽകിയ ലൈസൻസി, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രിക്ക് വിജിലൻസ് റിപ്പോർട്ട് നൽകി.
ഇതിനിടയിൽ കൊല്ലത്ത് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ല അദാലത്തിന് മുന്നോടിയായി ഉദ്യോഗസ്ഥതലത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും കഴിയാത്തതിനാൽ മന്ത്രിയുടെ പരിഗണനക്ക് വിട്ടു. ഉടമകളുമായി മന്ത്രിയും ഉദ്യോഗസ്ഥരും ചർച്ച ചെയ്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാനും സമാനമായ പ്രശ്നങ്ങളിൽ പൊതുസമീപനം ഉറപ്പാക്കാൻ സർക്കാർതലത്തിൽ നടപടി സ്വീകരിക്കണമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞങ്കിലും കെട്ടിടത്തിന് നമ്പർ ലഭിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായില്ലെന്നും കോടതിയെ സമീപിക്കാനാണ് മറുപടി ലഭിച്ചതെന്നും ഉടമകൾ പറയുന്നു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി ബിസിനസ് തുടങ്ങാൻ ലക്ഷ്യമിട്ട് ഒന്നരക്കോടി രൂപ വായ്പയെടുത്തത് ഉൾപ്പെടെ നാല് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ഒരുമാസത്തെ അവധിക്കായി നാട്ടിലെത്തിയ ഇവർ കെട്ടിടനമ്പർ ലഭിക്കാത്തതിനാൽ മാസങ്ങളായി ഇവിടെ തുടരുകയാണ്. അസിസ്റ്റൻറ് എൻജിനീയർ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാതെ കെട്ടിടത്തിന് നമ്പർ നൽകാൻ തനിക്ക് കഴിയില്ലെന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.