വീട് കുത്തിത്തുറന്ന് മോഷണം: അന്വേഷണം വഴിമുട്ടി
text_fieldsശാസ്താംകോട്ട: ആളില്ലാത്ത വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവം നടന്ന് രണ്ട് മാസമാകാറായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. റിട്ട.പഞ്ചായത്ത് സെക്രട്ടറി ശാസ്താംകോട്ട മനക്കര വൃന്ദാവനത്തിൽ ടി. ദിലീപ്കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 40 പവനോളം സ്വർണ്ണാഭരണങ്ങളും 2.10 ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രിൽ അഞ്ചിന് ദിലീപ് കുമാറും ഭാര്യയും നാവികസേനയിൽ ഡോക്ടറായ മകനൊപ്പം കൊച്ചിയിലേക്ക് പോയിരുന്നു. എട്ടിന് രാത്രി 11 ഓടെ തിരികെ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻഭാഗത്തെ ഗ്രില്ലുകൾ തുണിയിൽ കെട്ടിയ കല്ലുപയോഗിച്ച് തകർത്തശേഷം കതകിന്റെ പൂട്ടകത്തിയാണ് മോഷ്ടാവ് അകത്ത് കടന്നത്. താഴത്തെയും മുകളിലത്തെയും നിലകളിലെ മുറികളുടെ പൂട്ടുകൾ തകർത്ത നിലയിലായിരുന്നു.
താഴത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് സ്വർണാഭരണങ്ങളും പണവും കവർന്നത്. മുകൾനിലയിൽ മകനും മരുമകളും ഉപയോഗിക്കുന്ന മുറിയിലെ അലമാരയുടെ ലോക്കർ തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാൽ ഇതിലുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനകൾ നടത്തിയെങ്കിലും ഇപ്പോൾ അന്വേഷണം നിലച്ച മട്ടിലാണ്.
ശാസ്താംകോട്ട സി.ഐയുടെയും റൂറൽ പൊലീസ് ഡാൻസാഫ് ടീമിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സമീപങ്ങളിലുള്ള സി.സി ടി.വി കാമറകൾ പരിശോധിച്ചും വിരലടയാളം കേന്ദ്രീകരിച്ചുമാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
സമാന കേസുകളിൽ പിടിയിലായി അടുത്തിടെ ശിക്ഷ കഴിഞ്ഞിറങ്ങിയ മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. വീടിനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും ധാരണയുള്ളവരാകാം മോഷണത്തിന് പിന്നിലെന്ന് പൊലീസിന് സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.