ബസ് സർവിസുകൾ നിലച്ചു; പടിഞ്ഞാറേ കല്ലടയിൽ യാത്രാക്ലേശം രൂക്ഷം
text_fieldsശാസ്താംകോട്ട: യാത്രാസൗകര്യങ്ങൾ പരിമിതമായ പടിഞ്ഞാറേ കല്ലടയിൽ നിലവിലുണ്ടായിരുന്ന ബസ് സർവിസുകളും നിലച്ചതോടെ സ്കൂൾ കുട്ടികളടക്കമുള്ളവരുടെ യാത്രാക്ലേശം രൂക്ഷമാകുന്നു.നെൽപ്പുരക്കുന്നിലെ വെസ്റ്റ് കല്ലട ഹയർസെക്കൻഡറി സ്കൂളിൽ എത്തേണ്ട അധ്യാപകരും കുട്ടികളും ഏറെ ബുദ്ധിമുട്ട് സഹിച്ചാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. വർഷങ്ങൾക്ക് മുമ്പ് നെൽപ്പുരക്കുന്ന് വഴി ഏതാനും കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയിരുന്നു. ലാഭകരമല്ലാത്തതിനാൽ കാലക്രമേണ കെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്തി. കരുനാഗപ്പള്ളി വെള്ളനാംതുരുത്തിൽ നിന്ന് രണ്ട് സ്വകാര്യ ബസുകൾ നെൽപ്പുരകുന്ന് വഴി സർവിസ് നടത്തിയിരുന്നു.
രാവിലെയും വൈകീട്ടും സ്കൂൾ സമയം ക്രമീകരിച്ചായിരുന്നു സർവീസ്. രണ്ട് വർഷം മുമ്പ് കാരാളിമുക്ക് വെട്ടിയതോട് പാലം നിർമാണത്തിന്റെ പേരിൽ ഇതുവഴി ഗതാഗതം നിരോധിച്ചതോടെ ബസ് സർവീസുകളും നിലച്ചു. മാസങ്ങൾക്ക് മുമ്പ് പാലം ഉദ്ഘാടനം ചെയ്തെങ്കിലും ബസ് സർവിസ് ആരംഭിച്ചില്ല. മറ്റ് യാത്ര മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പടിഞ്ഞാറെ കല്ലടയിലെ ഭൂരിപക്ഷം പേരും ഇരുചക്ര വാഹനങ്ങളെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്.
സ്കൂൾ കുട്ടികൾക്കായി മാത്രം സർവീസ് നടത്താൻ കഴിയാത്തതിനാലാണ് സ്വകാര്യ ബസുകൾ പുനരാരംഭിക്കാൻ താൽപര്യം കാണിക്കാത്തത്. ഇരുചക്ര വാഹനങ്ങൾ അടക്കം മറ്റ് യാത്രാസൗകര്യമില്ലാത്ത സാധാരണക്കാരായ പ്രദേശവാസികളും പ്രതിസന്ധിയിലാണ്. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ 130ൽ അധികം കുട്ടികൾ മറ്റ് മേഖലകളിൽ നിന്നാണ് വരുന്നത്.
ഭൂരിപക്ഷം പേരും കാരാളിമുക്കിലോ കടപുഴയിലോ എത്തി ഓട്ടോറിക്ഷ വിളിച്ചോ നെൽപ്പുരക്കുന്നിലേക്ക് പോകുന്ന ഇരുചക്ര വാഹന യാത്രക്കാരെ ആശ്രയിച്ചോ ആണ് സ്കൂളിൽ എത്തുന്നത്. ഓട്ടോ വിളിച്ച് യാത്ര ചെയ്യേണ്ടിവരുമ്പോൾ കുട്ടികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. നെൽപ്പുരക്കുന്ന് സ്കൂളിന് ഒരു ബസ് ഉണ്ട്. കഴിഞ്ഞ വർഷം വരെ ബസ് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വേണ്ടിയും ഉപയോഗിച്ചിരുന്നു. സമയക്രമം പാലിക്കാൻ കഴിയാത്തതിനാൽ ഈ വർഷം ഹയർ സെക്കൻഡറിക്കാരെ ഒഴിവാക്കുക്കി.
ഒരു സ്കൂൾ ബസ് കൂടി അനുവദിപ്പിക്കാനുള്ള പരിശ്രമം പി.ടി.എയുടെ ഭാഗത്തു നിന്ന് ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഗതാഗത മന്ത്രിക്ക് കല്ലട സൗഹൃദം കൂട്ടായ്മ അടക്കമുള്ള സംഘടകൾ നിവേദനം നൽകി.
കാരാളിമുക്ക്, കടപുഴ ജങ്ഷനുകളെ തമ്മിൽ ബന്ധിപ്പിച്ച് വെസ്റ്റ് കല്ലട ഗവ. ഹയർസെക്കൻഡറി സ്കൂൾ വഴി കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി കെ.എസ്.ആർ.ടിസി ഡിപ്പോകളിൽ നിന്ന് സർവിസ്ആ രംഭിക്കണമെന്നാണ് ആവശ്യം. പഞ്ചായത്ത് മുൻകൈ എടുത്ത് ഗ്രാമവണ്ടികൾ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.