ചക്കുവള്ളി മാർക്കറ്റ് മാലിന്യക്കൂമ്പാരം; സാംക്രമികരോഗ ഭീഷണിയിൽ ജനം
text_fieldsശാസ്താംകോട്ട: പോരുവഴി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ചക്കുവള്ളി മാർക്കറ്റ് മാലിന്യക്കൂമ്പാരമായി. ഒപ്പം സാംക്രമികരോഗ ഭീഷണിയും ഉയരുന്നു. മാർക്കറ്റിനുള്ളിൽ കച്ചവടം നടത്തുന്നതിന് പണിത സ്റ്റാളുകളിൽപോലും പ്ലാസ്റ്റിക് മാലിന്യം നിറച്ചുവെച്ചിരിക്കുകയാണ്.
കൂടാതെ മാർക്കറ്റിലെ മലിനജലം ഒഴുകിപ്പോകാൻ ഇടമില്ലാതെ കെട്ടികിടക്കുകയുമാണ്. ഓടയിൽ മാലിന്യം നിറഞ്ഞ് പ്രദേശമാകെ ദുർഗന്ധപൂരിതമാണ്. കൊല്ലം-തേനി ദേശീയപാതയോരത്ത് ചക്കുവള്ളി ജങ്ഷനിലാണ് ചന്ത സ്ഥിതി ചെയ്യുന്നത്. ഓടനിറഞ്ഞ് റോഡിലൂടെയും പലപ്പോഴും മലിനജലം ഒഴുകാറുണ്ട്.
നിരവധിപേർ ദിവസേന വന്നുപോകുന്ന ഇവിടെ സ്ഥിരം കച്ചവടക്കാരുമുണ്ട്. ഇപ്പോൾതന്നെ കൊതുക് പെരുകി ഇവിടെ നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഓട വൃത്തിയാക്കി ജലം ഒഴുക്കാനുള്ള സൗകര്യം ചെയ്തില്ലെങ്കിൽ ഡെങ്കിപ്പനി അടക്കമുള്ള സാംക്രമികരോഗങ്ങൾ ഉണ്ടാകുമെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നു. കുന്നത്തൂർ താലൂക്ക് വികസന സമിതിയിൽ നിരവധിതവണ വിഷയം ചർച്ചയായി പരിഹാരനിർദേശങ്ങൾ ഉയർന്നെങ്കിലും നടപടി മാത്രം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.