പോരുവഴി സഹകരണ ബാങ്ക് തട്ടിപ്പ്: എട്ട് ജീവനക്കാരെ പിരിച്ചുവിട്ടു
text_fieldsശാസ്താംകോട്ട: പോരുവഴി സഹകരണബാങ്കിൽ 2017-18 വർഷത്തിൽ മൂന്ന് കോടി രൂപയുടെ സാമ്പത്തികതട്ടിപ്പും 90 പവൻ പണയസ്വർണാഭരണങ്ങളുടെ തിരിമറിയും നടത്തിയ സംഭവത്തിൽ ഉൾപ്പെട്ട എട്ട് ജീവനക്കാരെയും ജോലിയിൽനിന്ന് പിരിച്ചുവിട്ടു. തട്ടിപ്പിൽ പ്രതിയായ ഒരു ജീവനക്കാരൻ മരിച്ചിരുന്നു.
സഹകരണവകുപ്പ് അസി. രജിസ്ട്രാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ തീരുമാനം. ഇടപാടുകാർ നിക്ഷേപിച്ച മൂന്ന് കോടിയിലധികം വരുന്ന തുക വ്യാജരേഖകൾ ചമച്ചും കള്ള ഒപ്പിട്ടും അപഹരിച്ചത് 2018 ഏപ്രിലിലാണ് പുറംലോകമറിഞ്ഞത്. 'മാധ്യമം' ആണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്.
തുടർന്ന് പലപ്പോഴായി ഒമ്പത് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ശൂരനാട് പൊലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടി ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. ഇവരിലൊരാൾ പിന്നീട് ഹൃദയാഘാതം വന്നാണ് മരിച്ചത്.
സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നയാളും തട്ടിപ്പിലെ മുഖ്യ ആസൂത്രകനുമായ രാജേഷ്കുമാർ, സീനിയർ ക്ലർക്ക് ബി.എസ്. രശ്മി, ജൂനിയർ ക്ലർക്ക് എം.കെ. മനീഷ്, സെയിൽസ്മാൻ ഹരികൃഷ്ണൻ, സെയിൽസ് വുമൺ സനൂജ, അറ്റൻഡർ ഷൈലജബീവി, പ്യൂൺ വിനീത, നൈറ്റ് വാച്ച്മാൻ മുജീബ് എന്നിവരെയാണ് പിരിച്ചുവിട്ടത്. തട്ടിപ്പ് നടത്തിയ തുക ഇവരിൽനിന്ന് ഈടാക്കാനുള്ള നടപടി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.