ഫ്ലോട്ടിങ് സോളാർ പദ്ധതിയുടെ നിർമാണം വൈകുന്നു
text_fieldsപടി. കല്ലടയിൽ ഫ്ലോട്ടിങ് സോളാർ പദ്ധതി നടപ്പിലാക്കുന്ന സ്ഥലം
ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഫ്ലോട്ടിങ് സോളാർ പദ്ധതിയുടെ നിർമാണം വൈകുന്നു. പ്രോജക്ട് നടപടികൾ പൂർത്തികരിച്ച് നിർമാണ ഉദ്ഘാടനം ഉടൻ നടക്കുമെന്ന് അധികൃതർ പറയുമ്പോഴും തുടർനടപടികൾ വൈകുകയാണ്. മുഖ്യമന്ത്രിയെ എത്തിച്ച് ഉദ്ഘടനം നടത്താനുള്ള ആലോചനയുണ്ടായിരുന്നു. അതിന് മുന്നോടിയായി വൈദ്യുതി മന്ത്രി ഇവിടെ സന്ദർശിക്കാൻ രണ്ടുതവണ തീരുമാനിെച്ചങ്കിലും അവസാനനിമിഷം സന്ദർശനം റദ്ദാക്കി.
300 കോടി രൂപ ചെലവഴിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് പടിഞ്ഞാറെ കല്ലടയിലെ ഫ്ലോട്ടിങ് സോളാർ പദ്ധതി. സ്വകാര്യ വ്യക്തികളുടെയും പഞ്ചായത്തിന്റെയും ഉടമസ്ഥതയിലുള്ള പടിഞ്ഞാറേ കല്ലടയിലെ വെള്ളക്കെട്ടായി മാറിയ 350 ഏക്കർ പാടശേഖരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സോളാർ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകും. ഈയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൽ നിശ്ചിത ശതമാനം ഭൂഉടമകൾക്കും പഞ്ചായത്തിനും ലഭിക്കും.
ഭൂഉടമകളിൽ നിന്ന് 25 വർഷത്തേക്കാണ് കെ.എസ്.ഇ.ബി സ്ഥലം പാട്ടത്തിന് ഏറ്റെടുക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭൂ ഉടമകളെ ഉൾപ്പെടുത്തി വെസ്റ്റ് കല്ലട നോൺ കൺവെൻഷണൽ എനർജി പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപവത്ക്കരിച്ചിട്ടുണ്ട്. ജില്ല കളക്ടർ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കർഷക പ്രതിനിധികൾ എന്നിവർ ഡയറക്ടറൻമാരാണ്.
8 മാസത്തിനുള്ളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുകയും ഒരു വർഷത്തിനുള്ളിൽ വൈദ്യുതി കൈമാറ്റം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നു. ഛത്തീസ്ഗഡ് ആസ്ഥാനമായ അപ്പോളോ കമ്പനിക്കാണ് നിർമാണ ചുമതല. നിർമ ഏജൻസിയായ എൻ. എച്ഛ്. പി. സി യും ടെൻഡർ ഏറ്റെടുത്തിട്ടുള്ള അപ്പോളോ കമ്പനിയും സംയുക്തമായി നേരത്തേ സർവ്വേ നടപടികൾ പൂർത്തീകരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.