പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്
text_fieldsശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനുസമീപം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്. വടക്കൻ മൈനാഗപ്പള്ളി ശിവലാൽ ഭവനം (പണിക്കശ്ശേരിൽ തറയിൽ) ശിവൻ കുട്ടി (62), ഭാര്യ വസന്ത (55) എന്നിവർക്കാണ് പരിക്കേറ്റത്.
സാരമായി പൊള്ളലേറ്റ ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. വസന്ത വെന്റിലേറ്ററിൽ തുടരുകയാണ്. വീടിനകവും ഫർണിച്ചറും കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദും പഞ്ചായത്തംഗം മനാഫ് മൈനാഗപ്പള്ളിയും സ്ഥലത്തെത്തി വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷ സേനയും എത്തിയാണ് ദമ്പതികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.
വ്യാഴാഴ്ച വൈകീട്ട് ഗ്യാസ് ഏജൻസിയിൽ നിന്നെത്തിച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. മുറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ ദമ്പതികൾ പുലർച്ച എഴുന്നേറ്റ് ലൈറ്റിട്ടപ്പോഴാണ് പൊട്ടിത്തെറിച്ചത്. അപകടത്തിന് സാധ്യതയുള്ള പഴകിയ സിലിണ്ടർ നൽകിയപ്പോൾതന്നെ തങ്ങൾക്ക് വേണ്ടെന്ന് ഇവർ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ, ഇത് വകവെക്കാതെ ഏജൻസി ജീവനക്കാർ സിലിണ്ടർ നൽകുകയായിരുന്നുവെന്ന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.