ബണ്ട് റോഡിലെ വിള്ളൽ: ഒരു വർഷം കഴിഞ്ഞിട്ടും നടപടിയില്ല
text_fieldsശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട നെൽപ്പുരക്കുന്നിന് സമീപം കല്ലടയാറിനോട് ചേർന്നുള്ള ബണ്ട് റോഡിൽ വിള്ളൽ വീണ് ഒരു വർഷം പിന്നിട്ടിട്ടും പരിഹരിക്കാൻ നടപടിയില്ല. ഇവിടെ നിർമാണപ്രവർത്തനം നടത്തുന്നതിന് മേജർ ഇറിഗേഷൻ വകുപ്പ് 40 ലക്ഷം രൂപയുടെ കരാർ നൽകിയിരുന്നു.
മൂന്ന് മാസം മുമ്പ് കരാറുകാരൻ ഒരു ലോഡ് മെറ്റൽ ഇറക്കിപോയതല്ലാതെ മറ്റ് ജോലികളൊന്നും നടന്നിട്ടില്ല. കഴിഞ്ഞ ജൂണിലെ ശക്തമായ മഴയയെ തുടർന്നാണ് റോഡ് വീണ്ടുകീറി അപകടാവസ്ഥയിലായത്. കല്ലടയാറിന്റെ തീരത്തുകൂടി കടന്നുപോകുന്ന റോഡിൽ മുമ്പ് നിരവധി തവണ വിള്ളൽ രൂപംകൊണ്ടിട്ടുണ്ട്. നിർമാണത്തിലെ അപാകത മൂലമാണ് വീണ്ടും വിള്ളൽ രൂപപ്പെടുന്നതെന്ന് ആക്ഷേപമുണ്ട്.
വർഷങ്ങൾക്കു മുമ്പ് ഇവിടെ റോഡ് പകുതിയോളം കല്ലടയാർ കവർന്നിരുന്നു. ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവിലാണ് പുനർനിർമിച്ചത്. റോഡിൽ വിള്ളലുണ്ടാകുമ്പോൾ അധികൃതരെത്തി കോൺക്രീറ്റ് മിശ്രിതം കൊണ്ട് അടച്ച ശേഷം ടാർ പൂശി മടങ്ങുകയാണ് പതിവ്. റോഡിന് അടിഭാഗത്തേക്ക് കല്ലടയാറ്റിൽ നിന്ന് ശക്തമായ ജലപ്രവാഹം ഉണ്ടാകുന്നതാണ് വിള്ളലിന് കാരണം. ഇതൊഴിവാക്കാൻ ഈ ഭാഗത്ത് പാർശ്വഭിത്തി കെട്ടിയ ശേഷം അടിവശത്ത് നിന്ന് പാറ കെട്ടി ഉയർത്തുകയും പിന്നീട് ടാറിങ് നടത്തുകയുമാണ് വേണ്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിള്ളൽ വീണ ഭാഗത്ത് ടാർ വീപ്പകൾ നിരത്തി വച്ചാണ് അധികൃതർ വാഹന - കാൽനട യാത്രികരെ നിയന്ത്രിക്കുന്നത്. രാത്രികാലങ്ങളിത് അപകടം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.