കാരാളിമുക്ക് ജങ്ഷനിൽ വികസനം അകലെ
text_fieldsശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്തിന്റെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന കാരാളിമുക്ക് ജങ്ഷനിൽ വികസനം അകലെ.
മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന ചവറ-പത്തനംതിട്ട സംസ്ഥാനപാത കടന്നുപോകുന്ന ജങ്ഷനാണ് കാരാളിമുക്ക്.
ഗതാഗത കുരുക്കാണ് കാരാളിമുക്കിന്റെ ഏറ്റവും വലിയ ദുരിതം. വീതി കുറഞ്ഞ റോഡും വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും വ്യാപാര സ്ഥാപനങ്ങളുടെ റോഡിലേക്കുള്ള ഇറക്കും കാരണം ശ്വാസംമുട്ടുകയാണ് യാത്രക്കാർ ഉൾപ്പെടെയുള്ളവർ.
ഏറ്റവും കൂടുതൽ പ്രശ്നം കടപ്പുഴ റോഡിലേക്ക് തിരിയുന്നിടത്താണ്. അവിടെ ജങ്ഷനിൽ റോഡിൽ തന്നെയാണ് ഓട്ടോകൾ പാർക്ക് ചെയ്യുന്നത്.
എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിനാലൽ ഗതാഗത കുരുക്കാണ് എപ്പോഴും. വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാൻ കഴിയാത്ത രീതിയിലാണ് ഓട്ടോകൾ പാർക്ക് ചെയ്യുന്നത്.
ഇത് കച്ചവടത്തെയും ബാധിക്കുന്നുണ്ട്. പലപ്പോഴും വാക്കുതർക്കത്തിനും കൈയേറ്റങ്ങൾക്കും വരെ കാരണമാകാറുണ്ട്. കാരാളിമുക്കിലെ ഓട്ടോ പാർക്കിങ് നിരവധി തവണ താലൂക്ക് വികസന സമിതിയിലടക്കം ചർച്ച ചെയ്യപ്പെട്ടതാണ്.
ജങ്ഷന്റെ വിവിധ ഭാഗങ്ങളിലായി ഓട്ടോ പാർക്കിങ്ങിന് സ്ഥലം നിർണയിച്ച് കൊടുക്കണമെന്ന് നിർദേശമുണ്ടായിട്ടും തുടർ നടപടിയുണ്ടായില്ല. ആയിരക്കണക്കിന് ആൾക്കാർ ദിനവും വന്നുപോകുന്ന പടിഞ്ഞാറെകല്ലട പഞ്ചായത്തിന്റെ പ്രധാന ജങ്ഷനായ ഇവിടെ യാത്രക്കാർക്ക് കയറി നിൽക്കാൻ ഒരു ബസ് സ്റ്റോപ്പ് പോലുമില്ല. വെയിലും മഴയുംകൊണ്ട് നിൽക്കാമെന്ന് കരുതിയാലും റോഡരികിൽ ഇടമില്ല.
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പാക്കാനും നടപടിയില്ല. റോഡരികിലെ ഫ്ലക്സ് ബോർഡുകളാണ് മറ്റൊരു പ്രധാന പ്രശ്നം. എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തവിധം ഫ്ലക്സുകൾ നിറഞ്ഞിരിക്കുകയാണ്.
സന്ധ്യയായാൽ തെരുവ് നായ്ക്ക് ശല്യവും രൂക്ഷമാണ്. ഹൈമാസ്റ്റ് ലൈറ്റുണ്ടെങ്കരിലും സ്ഥിരമായി കത്താറില്ല.
മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സജീവ സാന്നിധ്യമുള്ള പ്രദേശമായിട്ടും കാലഘട്ടത്തിനനുസരിച്ച് വികസനം കൊണ്ടുവരാൻ ആരും പരിശ്രമിക്കുന്നില്ലെന്നാണ് പൊതുജനങ്ങളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.