ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനം; വസ്തു വിട്ടുനൽകി സർക്കാർ ഉത്തരവ്
text_fieldsശാസ്താംകോട്ട: സ്ഥലപരിമിതി മൂലം വികസനം അസാധ്യമായ ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനത്തിന് സ്ഥലം വിട്ടു നൽകി സർക്കാർ ഉത്തരവായി.കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട വില്ലേജിൽ ബ്ലോക്ക് 13-ൽ റീസർവേ 471ൽപ്പെട്ട 10.98 ഏക്കർ റവന്യൂ പുറമ്പോക്ക് ഭൂമിയിൽപ്പെട്ട 2.50 ഏക്കറിൽ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് കൈവശം വച്ചിരുന്ന വസ്തുവിൽ നിന്ന് 80 സെന്റ് ഭൂമിയാണ് നൽകിയത്. രണ്ടു വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനത്തിന് ആരോഗ്യവകുപ്പിന് കൈമാറിയത്.
ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ കലക്ടർക്ക് കഴിഞ്ഞ ജനുവരിയിൽ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ ഈ ഭാഗത്ത് ശാസ്താംകോട്ട പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ചന്ത പ്രവർത്തിച്ചു വരികയായിരുന്നു. സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിച്ചതോടെ ചന്ത മുമ്പ് കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഡിപ്പോയുടെ ഓഫിസായി പ്രവർത്തിച്ചിരുന്ന കെട്ടിടവും ഏറ്റെടുക്കുന്നതിൽ ഉൾപ്പെടും. ചന്ത പ്രവർത്തിപ്പിക്കുന്നതിന് 30 സെൻറ് സ്ഥലം സമീപത്ത് തന്നെ പഞ്ചായത്തിന് ലീസിന് നൽകാവുന്നതാണെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.
നൂറ് കണക്കിന് രോഗികൾ ചികിത്സ തേടി എത്തുന്ന ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്ക് കിഫ്ബിയിൽ നിന്ന് അടക്കം വികസനത്തിന് ഫണ്ട് അനുവദിച്ചിരുന്നങ്കിലും സ്ഥലപരിമിതി തടസമായി നിൽക്കുകയായിരുന്നു. ആശുപത്രിയോട് ചേർന്നുള്ള സ്വകാര്യ ഭൂമി വില കൊടുത്തു വാങ്ങാൻ ശ്രമം നടത്തിയങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. ഇതോടെയാണ് സർവ്കക്ഷിയോഗത്തിലും താലൂക്ക് വികസന സമിതികളിലും ചന്ത പ്രവർത്തിക്കുന്ന സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, മുൻ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് അൻസർ ഷാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ഇപ്പോൾ സ്ഥലം ലഭിച്ചത്. വിട്ടുകൊടുത്ത വസ്തുവിൽ ഒരു വർഷത്തിനകം നിർമാണ പ്രവർത്തനം തുടങ്ങണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതോടെ ആശുപത്രി വികസനം വേഗം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുന്നത്തൂർ നിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.