ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനം; പ്രക്ഷോഭത്തിന് നാട്ടുകാർ
text_fieldsശാസ്താംകോട്ട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യവികസനത്തിനും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിപ്പിക്കുന്നതിനുമായി പ്രദേശവാസികളുടെയും യാത്രക്കാരുടെയും കൂട്ടായ്മ രൂപവത്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
മാവേലി, ഏറനാട്, ഇന്റർസിറ്റി, തിരുപ്പതി, കണ്ണൂർ എന്നിവ ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിപ്പിക്കുക, റിസർവേഷൻ കൗണ്ടർ പ്രത്യേകം ആരംഭിക്കുക, അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാറ്റ്ഫോം നവീകരിക്കുക, കൂടുതൽ ഷെൽറ്ററുകൾ, ഇരിപ്പിടങ്ങൾ എന്നിവ അനുവദിക്കുക.
സ്റ്റേഷനിൽ കുടിവെള്ളം, ടോയ്ലറ്റ്, വെളിച്ചം, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. സ്റ്റേഷനിലേക്കുള്ള റോഡ് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളിലാണ് പ്രക്ഷോഭം ആരംഭിക്കുന്നത്.
നിലവിൽ മലബാർ, വഞ്ചിനാട്, പരശുറാം, ഐലൻഡ് തുടങ്ങി ഏതാനും എക്സ്പ്രസ് ട്രെയിനുകൾക്കും പാസഞ്ചർ ട്രെയിനുകൾക്കും മാത്രമാണ് സ്റ്റോപ്പുള്ളത്. കണ്ണൂർ എക്സ്പ്രസിന് ഉണ്ടായിരുന്ന സ്റ്റോപ് കോവിഡ് സമയത്ത് റദ്ദാക്കിയിരുന്നു. പിന്നീട് പുനരാരംഭിച്ചങ്കിലും ഇപ്പോൾ മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിനിന് മാത്രമാണ് സ്റ്റോപ്പുള്ളത്.
പത്തനംതിട്ട, അടൂർ മേഖലയിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തി യാത്ര ചെയ്യുന്നത്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് മതിയായ സൗകര്യങ്ങളില്ല. പ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തതിനാൽ യാത്രക്കാർക്ക് വെയിലും മഴയും ഏൽക്കേണ്ട അവസ്ഥയാണ്.
റിസർവേഷനും സാധാരണ ടിക്കറ്റ് നൽകുന്നതിനും ഒറ്റ കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ടിക്കറ്റ് എടുക്കാൻ ഏറെനേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. 10 വർഷം മുമ്പ് ആദർശ് റെയിൽവേ സ്റ്റേഷനായി ഉയർത്തിയിരുന്നങ്കിലും അതിന്റേതായ വികസനം ഇവിടെ നടന്നിട്ടിെല്ലന്നും അടിയന്തരമായി റെയിൽവേ സ്റ്റേഷൻ വികസനം നടപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധശല്യം രൂക്ഷമാണെന്ന പരാതിയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.