ധർമശാസ്താക്ഷേത്രം: പുതിയ കൊടിമരം സ്ഥാപിക്കാൻ കോടതി അനുമതി
text_fieldsശാസ്താംകോട്ട: ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരത്തിന് പകരം പുതിയത് സ്ഥാപിക്കാൻ അനുമതി നൽകി ഹൈകോടതി ഡിവിഷൻബെഞ്ച്. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് രാജേന്ദ്രൻപിള്ള, സെക്രട്ടറി പങ്കജാക്ഷൻപിള്ള എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
കൊടിമര നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ശാസ്താംകോട്ട സ്വദേശി മണികണ്ഠൻ നൽകിയ ഹർജിയും, കൊടിമരം നിർമിക്കുന്ന സമയത്തെ ഉപദേശക സമിതി പ്രസിഡന്റ് എം.വി. അരവിന്ദാക്ഷൻ നായർ, സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ എന്നിവർ നൽകിയ ഹർജികളും ഇതോടൊപ്പം കോടതി പരിഗണിച്ചു.
സ്വർണ കൊടിമര നിർമാണത്തിലെ അഴിമതി അന്വേഷിക്കുക, വിജിലൻസ് കോടതിയിലെ കേസിൽ അന്തിമ ഉത്തരവ് പരിശോധിക്കുക, കൊടിമരത്തിന്റെ പറകൾ പ്ലേറ്റ് ചെയ്യാതെ സ്വർണമിട്ടുതന്നെ തനതായ രീതിയിൽ കൊടിമരം നിർമിക്കുക, ഭക്തജനങ്ങളിൽ നിന്ന് സാമ്പത്തിക സമാഹരണം നടത്തരുത് എന്നീ ആവശ്യങ്ങളാണ് മണികണ്ഠൻ നൽകിയ ഹർജിയിൽ ഉന്നയിച്ചിരുന്നത്.
സ്വർണ കൊടിമരത്തിന് പകരം സ്ഥാപിക്കുന്ന കൊടിമരത്തിനുള്ള തേക്കിൻതടി എണ്ണത്തോണിയിൽ ഇട്ടിരിക്കുന്നതിനാൽ തടി നശിച്ചു പോകുമെന്നും അതിനാൽ ഉടനെ തന്നെ ചെമ്പ് പറകൾ ഉപയോഗിച്ച് കൊടിമരം സ്ഥാപിക്കാൻ അനുവദിക്കണമെന്നും നിലവിലെ ഉപദേശകസമിതി ഹജിയിൽ അവശ്യപ്പെട്ടു. തുടർന്നാണ് പുതിയ കൊടിമരം സ്ഥാപിക്കാനുള്ള അനുമതി കോടതി നൽകിയത്.
2013 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിൽ പുതിയ സ്വർണ കൊടിമരം സ്ഥാപിച്ചത്. മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും പറകളിൽ ക്ലാവ് പിടിക്കുയും നിറം മങ്ങുകയും ചെയ്തു. ഇതോടെ വ്യാപകമായ പ്രതിഷേധം ഉയരുകയും ഹൈക്കോടതി വരെ പരാതി നീളുകയും ചെയ്തു. മേഖലയിലെ വിദഗ്ധർ, ഫോറൻസിക്, വി.എസ്.എസ്.സി തുടങ്ങിയ ഇടങ്ങളിലൊക്കെ പരിശോധന നടന്നങ്കിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇത് നിലനിൽക്കെയാണ് ക്ഷേത്രത്തിൽ പഴയ രീതിയിൽ കൊടിമരം നിർമിക്കാനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.