മദ്യലഹരിയിലെ ക്രൂരത; വിറങ്ങലിച്ച് മൈനാഗപ്പള്ളി
text_fieldsശാസ്താംകോട്ട: തിരുവോണ നാളിൽ മദ്യലഹരിയിൽ കാർ യാത്രക്കാർ കാട്ടിയ കൊടുംക്രൂരതയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് മൈനാഗപ്പള്ളി. ചെറിയ പരിക്കുകളോടെ രക്ഷപ്പെടുമായിരുന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറി ഇറങ്ങുന്നതും ശരീരം ചതഞ്ഞരയുന്നതും കാണേണ്ടിവന്ന നാട്ടുകാർ ഇനിയും ഞെട്ടലിൽനിന്ന് മോചിതരായിട്ടില്ല. വീടുകളിലെ ഓണസദ്യയും ഓണാഘോഷവും കഴിഞ്ഞ് വെറുതേ പുറത്തേക്കിറങ്ങിയവർ നടുക്കുന്ന കാഴ്ച കാണേണ്ടിവന്നതിലുള്ള ദുഃഖത്തിലാണ്.
സഹോദരി ഫൗസിയയോടൊപ്പം വീടിന് സമീപത്തെ കടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു കുഞ്ഞുമോൾ. സാധനം വാങ്ങി ഇരുവരും സ്കൂട്ടറിൽ കയറി റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിൽ എത്തിയ കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഫൗസിയ റോഡിന്റെ വശത്തേക്കും കുഞ്ഞുമോൾ കാറിന് തൊട്ടു മുന്നിലേക്കും വീണു. ഞൊടിയിടകൊണ്ട് സമീപത്തുണ്ടായിരുന്നവർ കാറിന് സമീപത്തേക്ക് ഓടിയെത്തി. പലരും ‘കാർ മുന്നോട്ടെടുക്കരുതേ’ എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിലും ഇത് കേൾക്കാം. എന്നാൽ, മദ്യലഹരിയിൽ ആയിരുന്ന കാർ യാത്രികർ ഇതു ചെവിക്കൊള്ളാതെ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കി ഓടിച്ചു പോവുകയായിരുന്നു. ഒരുപക്ഷേ, അങ്ങനെ കാർ മുന്നോട്ട് എടുത്തില്ലായിരുന്നെങ്കിൽ കുഞ്ഞുമോൾ രക്ഷപ്പെടുമായിരുന്നു. വാരിയെല്ലുകൾ ഒടിഞ്ഞമർന്ന് ശ്വാസകോശത്തിൽ തറച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാരിപ്പള്ളി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കുഞ്ഞുമോളുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ നാട് ഒന്നാകെ ഒഴുകി എത്തി. അലമുറയിട്ട് കരയുന്ന മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ കൂടി നിന്നവർ ഏറെ പാടുപെട്ടു. പൊതുദർശനത്തിനുശേഷം വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. വീടിന് മുന്നിൽ ചെറിയ സ്റ്റേഷനറി കട നടത്തിവരുകയായിരുന്നു കുഞ്ഞുമോൾ. ഭർത്താവ് നൗഷാദ് കൊല്ലം എഫ്.സി.ഐയിലെ കരാർ ജീവനക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.