കരാറുകാരന്‍റെ വിചിത്രവാദം; റോഡിലെ കുഴി നികത്താൻ നടപടിയില്ല
text_fieldsശാസ്താംകോട്ട: കരാറുകാരന്‍റെ വിചിത്രവാദം മൂലം റോഡിൽ രൂപപ്പെട്ട വലിയകുഴി നികത്താൻ നടപടിയില്ല. വാഹനാപകട സാധ്യതയുണ്ടായിട്ടും അധികൃതർ കണ്ട ഭാവമില്ല. പെരുവേലിക്കര ബണ്ട് റോഡിൽ പുതിയതായി നിർമിച്ച റെഗുലേറ്ററിനും റോഡിനും ഇടയിലായി രൂപപ്പെട്ട കുഴിയാണ് അപകടകരമായ അവസ്ഥയിൽ തുടരുന്നത്.
രണ്ടരക്കോടിയിലധികം രൂപ ചെലവഴിച്ചാണ് ബണ്ട് റോഡിൽ പാർശ്വഭിത്തി കെട്ടിയത്. ഇതിന്‍റെ ഭാഗമായി കല്ലടയാറ്റിൽനിന്ന് പെരുവേലിക്കര ഭാഗത്തേക്ക് വെള്ളം ഒഴുകിയിരുന്നതും റോഡിന് കുറുകെയുണ്ടായിരുന്നതുമായ കലുങ്ക് പൊളിച്ചുമാറ്റുകയും പുതിയതായി റെഗുലേറ്റർ നിർമിക്കുകയും ചെയ്തു.
പണി പൂർത്തിയായതോടെ റെഗുലേറ്ററിനും റോഡിനും ഇടയിലായി വലിയ കുഴി രൂപപ്പെട്ടു. ഇവിടെ മണ്ണിട്ട് നികത്തേണ്ടത് മൈനർ ഇറിഗേഷന്‍റെ ഉത്തരവാദിത്തമാണെന്ന് വാദിച്ച് കരാറുകാരൻ പണി അവസാനിപ്പിച്ചുപോയി. മൈനർ ഇറിഗേഷൻ വകുപ്പ് ഇനിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയില്ല.
എന്തായാലും മാസങ്ങളായി കുഴി ഇങ്ങനെ കിടക്കുകയാണ്. ഇതിനുചുറ്റും കാടുമൂടിക്കിടക്കുന്നതിനാൽ കുഴിയുള്ളതായി അറിയുകയുമില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ കുഴി ഏതുസമയവും അപകടം സൃഷ്ടിക്കാവുന്ന വിധത്തിലാണ്.
പ്രദേശവാസികൾ തൽക്കാലിക അപകട മുന്നറിയിപ്പ് പ്രദർശിപ്പിച്ചിരിക്കുന്നത് മാത്രമാണ് ഏക ആശ്വാസം. നിർമാണപ്രവൃത്തികളുടെ ഭാഗമായി റോഡും തകർന്ന് കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.